ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം അനുശോചിച്ചു
Wednesday, July 29, 2015 8:18 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയുടെ മുന്‍ പ്രസിഡന്റും ഭാരതരത്നം ജേതാവുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം അനുശോചിച്ചു. 

ആധുനിക ഇന്ത്യയുടെ ശില്‍പ്പികളില്‍ ഒരാളായി മുഖ്യധാരയില്‍ പ്രവര്‍ത്തിച്ച് സ്വതന്ത്ര ഭാരതത്തെ ലോക ശക്തികള്‍ക്കു മുമ്പില്‍ കൊണ്െടത്തിച്ച കര്‍മനിരതനായ ആദര്‍ശപുരുഷനായിരുന്നു ഡോ. അബ്ദുള്‍ കലാം എന്നു ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പ്രസിഡഡന്റ് ബോബി ജോസഫ്, സെക്രട്ടറി കോശി മാത്യു, ട്രഷറര്‍ ഡോ. ബെനീഷ് ജോസഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഇരുപതു വര്‍ഷക്കാലത്തോളം തുമ്പ സ്പേസ് സെന്ററില്‍ സേവനമനുഷ്ഠിച്ച ഡോ. കലാം കേരളത്തിന്റെ സര്‍വോന്മുഖമായ വികസനത്തിനായി അക്ഷീണം പ്രയത്നിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കേരളത്തിന്റെ സ്പന്ദനമായി മാറിയ മഹത് വ്യക്തിയെന്ന നിലയില്‍ ആദരവോടെ മലയാളികള്‍ ഡോ. കലാമിനെ ഓര്‍മിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഇന്ത്യയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും എന്നും ഊര്‍ജസ്വലത പകര്‍ന്ന ഡോ. കലാം യുവസമൂഹത്തിന് എന്നും റോള്‍ മോഡല്‍ ആയി ചിരകാലം ഓര്‍മയില്‍ ജീവിക്കുമെന്നും കേരള സമാജം വിലയിരുത്തി.