ആശ്രയമില്ലാത്തവര്‍ക്ക് ഒരു അഭയ കേന്ദ്രം അഭയധാമ
Tuesday, August 4, 2015 6:23 AM IST
പ്രകാശഗോപുരങ്ങള്‍ -8/ ഡെന്നിസ് ജേക്കബ്

ബംഗളൂരു: തലചായ്ക്കാന്‍ ഒരിടമില്ലാത്തവര്‍ക്ക് ഒരു അഭയസ്ഥാനം- അതാണ് 'അഭയധാമ' എന്ന വാക്കിന്റെ അര്‍ഥം. വിശാലമായ ഈ ലോകത്ത് തലചായ്ക്കാന്‍ ഒരുതുണ്ട് സ്ഥലമില്ലാതെ തെരുവില്‍ അലയുന്ന കുട്ടികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ അഭയസ്ഥാനമായി മാറിയിരിക്കുകയാണ് ബംഗളൂരു വൈറ്റ്ഫീല്‍ഡിലെ അഭയധാമ ആശ്രമം. ഹോളിക്രോസ് സന്യാസസഭയുടെ ശാഖയായ ബ്രദേഴ്സ് ഓഫ് ഹോളി ക്രോസിന്റെ കീഴിലാണ് അഭയധാമ ആശ്രമം. മൂന്നു പതിറ്റാണ്ടുകള്‍ മുമ്പ് കാനഡയില്‍ നിന്ന് ഇന്ത്യയിലെ പാവപ്പെട്ടവരുടെയും രോഗികളുടെയും ശുശ്രൂഷയ്ക്കായി എത്തിയ സന്യാസിയായിരുന്ന ബ്രദര്‍ ജീന്‍ പോളാണ് അഭയധാമയുടെ സ്ഥാപകന്‍.

ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആണ്‍കുട്ടികളാണ് ഇവിടെ ഒരു കൂരയ്ക്കു കീഴില്‍ സമാധാനത്തോടെ കഴിയുന്നത്.

വ്യത്യസ്തമായ ജീവിതപശ്ചാത്തലങ്ങളാണ് ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നത്. മിക്കവരും അവരുടെ മാതാപിതാക്കളില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ ഉള്ള മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലം വീടുവിട്ട് ഓടിപ്പോയവര്‍. മോഷണവും പോക്കറ്റടിയുമായി ഇരുട്ടില്‍ കഴിയുന്നവര്‍, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നശിപ്പിക്കുന്നവര്‍. തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്നവരും ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അന്തിയുറങ്ങിയിരുന്നവരുമായ കുട്ടികളെ ഹോളിക്രോസ് സഹോദരന്മാര്‍ തേടിച്ചെന്ന് ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയാണ ചെയ്യുന്നത്.

ആശ്രമത്തിലെത്തുന്ന കുട്ടികളെ ആദ്യം നല്ല ഭക്ഷണവും മറ്റു സൌകര്യങ്ങളും നല്കി പുനരധിവസിപ്പിക്കുന്നു. പിന്നീട് അവരുടെ അഭിരുചികളും താത്പര്യങ്ങളും മനസിലാക്കിയ ശേഷം അതാത് മേഖലകളില്‍ പരിശീലനം നല്കും. സമൂഹത്തില്‍ മാന്യതയും കര്‍ത്തവ്യബോധവും സ്വയംപര്യാപ്തതയുമുള്ള ഉത്തമപൌരന്മാരായി അവരെ വാര്‍ത്തെടുക്കുകയാണ് ഇവിടെ.

ആശാരിപ്പണി, വെല്‍ഡിംഗ്, ഓട്ടോമൊബൈല്‍ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകളില്‍ കുട്ടികള്‍ക്ക് സൌജന്യമായി പരിശീലനം നല്കുന്നു.

കൂടാതെ അവരുടെ കലാകായിക മേഖലകളിലെ വളര്‍ച്ചയ്ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തുന്നു. ഇവയോടൊപ്പം, വ്യക്തിത്വവികസനത്തിനായുള്ള അച്ചടക്കവും മികച്ച ശീലങ്ങളും പരിശീലിപ്പിക്കുന്നു. അഭയധാമില്‍ നിന്ന് ജീവിതം ആരംഭിച്ച കുട്ടികള്‍ ഇന്ന് സമൂഹത്തില്‍ വളരെ മികച്ച രീതിയില്‍ ജീവിതം നയിക്കുന്നു.

മാലിന്യങ്ങള്‍ക്കിടയിലും ഇരുട്ടിലും വലിച്ചെറിയപ്പെടേണ്ടിയിരുന്ന ജീവിതം ദൈവശുശ്രൂഷകരുടെ സഹായത്തോടെ തിരിച്ചുപിടിക്കുകയാണ് ഇവര്‍.