ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവുത്സവം കൊടിയേറി
Saturday, August 15, 2015 6:02 AM IST
ന്യൂഡല്‍ഹി: മറുനാടന്‍ മലയാളികള്‍ക്ക് ഇനി എട്ടുനാള്‍ ഉത്സവകാലം. മയൂര്‍ വിഹാര്‍ ഫേസ്1ലെ ഉത്തര ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ 14നു (വെള്ളി) വൈകുന്നേരം 7.30നു ഉത്സവം കോടിയേറി.

ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മുരളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഉത്സവ ദിനങ്ങളില്‍ നിര്‍മാല്യ ദര്‍ശനവും അഭിഷേകവും ഗണപതി ഹോമവും മലര്‍ നിവേദ്യവും ഉഷ:പൂജയും ഉണ്ടാവും. ഗുരുവായൂരപ്പനുവേണ്ടി പരികലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും ചോറ്റാനിക്കര ഭഗവതിക്കും ശിവനും വേണ്ടി മഹാകലശാഭിഷേകവും നടക്കും. വൈകുന്നേരങ്ങളില്‍ ദീപാരാധനയും അത്താഴപൂജയും ശ്രീഭൂതബലിയും എഴുന്നെള്ളിപ്പും ഉണ്ടാവും. വിനായക ചതുര്‍ഥി ദിനമായ 18നു അഷ്ടദ്രവ്യ ഗണപതി ഹോമവും ഗണപതി ഭഗവാന് പുഷ്പാഭിഷേകവും ഉണ്ടാവും. ആറാട്ട് ദിവസം പാണ്ടിമേളവും ഗുരുവായൂരപ്പന് പുഷ്പാഭിഷേകവും ഉണ്ടാവും. ആറാട്ട് സദ്യ ആണ് മറ്റൊരു പ്രധാന ഇനം.

സമീപ പ്രദേശങ്ങളിലെ വിവിധ കരക്കരാണ് ഉത്സവം നടത്തുന്നത്.

ഓഗസ്റ് 14നു (വെള്ളി) കൊടിയേറ്റം, വസുന്ധര എന്‍ക്ളേവ്

15നു (ശനി) ശ്രീനിവാസ്പുരി ആന്‍ഡ് ആശ്രം

16നു (ഞായര്‍) ഉത്സവബലി മയൂര്‍ വിഹാര്‍ ഫേസ്2

17നു (തിങ്കള്‍) പട്പര്‍ഗഞ്ച് ആന്‍ഡ് ലക്ഷ്മിനഗര്‍

18നു (ചൊവ്വ) വിനായക ചതുര്‍ഥി മയൂര്‍ വിഹാര്‍ ഫേസ്1 എക്സ്റന്‍ഷന്‍ സൊസൈറ്റീസ് ആന്‍ഡ് ഈസ്റ് എന്‍ഡ് അപ്പാര്‍ട്ടുമെന്റ്സ്

19നു (ബുധന്‍) മയൂര്‍ വിഹാര്‍ ഫേസ്3

20നു (വ്യാഴം) പള്ളിവേട്ട മയൂര്‍ വിഹാര്‍ ഫേസ്1 സൊസൈറ്റീസ്, നോര്‍ത്ത്

21നു (വെള്ളി) ആറാട്ട് മയൂര്‍ വിഹാര്‍ ഫേസ്1 ഡിഡിഎ ഫ്ളാറ്റ്സ് എന്നീ കരക്കാരാണ് ഓരോ ദിവസത്തെയും ഉത്സവം നടത്തുന്നത്. ദിവസവും അതാതു സ്ഥലങ്ങളില്‍ നിന്നും വാദ്യമേളങ്ങളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് താലപ്പൊലി എഴുന്നള്ളത്തും ഉണ്ടാവും.

ഉത്സവ ദിവസങ്ങളില്‍ കേരളത്തില്‍ നിന്നും പ്രത്യേകം എത്തിച്ചേരുന്ന പ്രഗത്ഭര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ക്ഷേത്ര ഭാരവാഹികളായ ആര്‍ഷ ധര്‍മ്മ പരിഷദ് ആണ് തിരുവുത്സവത്തിനു മേല്‍നോട്ടം വഹിക്കുന്നത്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി