രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ധര്‍മചര്യയജ്ഞം ആരംഭിച്ചു
Tuesday, August 18, 2015 7:10 AM IST
ന്യൂഡല്‍ഹി: രോഹിണി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ചിങ്ങം ഒന്നു മുതല്‍ കന്നി അഞ്ചു വരെ 34 ദിവസങ്ങളില്‍ ശ്രീനാരായണ ധര്‍മ ചര്യയജ്ഞം നടക്കും. ആലുവ അദ്വൈതാശ്രമം സ്വാമി നാരായണ ഋഷി ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.

രാവിലെ 5.30 മുതല്‍ വിശേഷാല്‍ പൂജകള്‍, ശാന്തിഹവനം, മഹാഗണപതി ഹോമം, ഗുരുദേവ പുഷ്പാഞ്ജലി, സ്വയമേവ പുഷ്പാഞ്ജലി, ജപം, ധ്യാനം, യജ്ഞം, ശ്രീനാരായണ ഗുരുദേവ ഭാഗവതപാരായണം എന്നിവ നടക്കും.

ശ്രീനാരായണ ഗുരുദേവ ധര്‍മത്തിലെ ബ്രഹ്മചര്യം, പഞ്ചശുദ്ധി, പഞ്ചധര്‍മ്മം, ഏക ജാതി മത സന്ദേശം, ഏക ദൈവ വിചാരം, ഗാര്‍ഹസ്ഥ്യധര്‍മം, ഭാര്യധര്‍മം, ജാതി നിരൂപണം, മതനിരൂപണം, പഞ്ചമഹായജ്ഞം, അഥാപരക്രിയ, ആശ്രമ ധര്‍മ്മം, ശുദ്ധി പഞ്ചക്കം, ബാലോപചരണം, വിദ്യാരംഭം എന്നീ വിഷയങ്ങളില്‍ 34 ദിവസങ്ങളിലായി സ്വാമി നാരായണ ഋഷി ക്ളാസെടുക്കും.

എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ 9.30 വരെയും വൈകുന്നേരം 5.30 മുതല്‍ 8.30 വരെയുമാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിവാര ഞായറാഴ്ചകളിലെ സത്സംഗങ്ങള്‍ മുടക്കമില്ലാതെ തുടരും.

റിപ്പോര്‍ട്ട്: മനോജ് കല്ലറ