ലാസ് വേഗസില്‍ വര്‍ണാഭമായ ഓണാഘോഷം
Saturday, August 22, 2015 8:09 AM IST
ലാസ് വേഗസ്: കേരള അസോസിയേഷന്‍ ഓഫ് ലാസ് വേഗസിന്റെ ഓണാഘോഷം വിജയകരമായി കൊണ്ടാടി.

നാലു ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികള്‍ ഓഗസ്റ് ഏഴിനു (വെള്ളി) വൈകുന്നേരം ഹെന്‍ഡേര്‍സനിലെ സാന്റി റിഡ്ജ് പാര്‍ക്കില്‍ വോളിബോള്‍ മത്സരത്തോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

നാലു അന്തര്‍ സംസ്ഥാന വോളിബോള്‍ ടീമുകള്‍ പങ്കെടുത്ത ഫൈനലില്‍ ടീം ഹൈദരാബാദ് കേരള ടീമിനെ പരാചയപ്പെടുത്തി എവര്‍ റോളിംഗ് ട്രോഫി കരസ്ഥമാക്കി. രണ്ടാം ദിനമായ എട്ടിനു വൈകുന്നേരം വാശിയേറിയ ചീട്ടുകളി മത്സരവും ചെസ് ടൂര്‍ണമെന്റ് മത്സരവും നടന്നു. മുന്‍ പ്രസിഡന്റു കൂടിയായ വത്സമ്മ ജോണിന്റെ ടീം ചീട്ടുകളി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മൂന്നാം ദിനമായ 15-നു കോര്‍ണര്‍ സ്റോണ്‍ പാര്‍ക്കില്‍ എല്ലാ പ്രായക്കാരേയും പങ്കെടുപ്പിച്ച് വിവിധയിനം കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ചാക്കിലോട്ടം, സ്ത്രീ - പുരുഷന്മാര്‍ക്കായി പ്രത്യേക വടംവലി മത്സരം തുടങ്ങിയവ അരങ്ങേറി. തുടര്‍ന്നു വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പി. ഓണാഘോഷങ്ങള്‍ക്കിടയിലും ഇന്ത്യയുടെ സ്വാതന്ത്യ്ര ദിനം സംഘാടകര്‍ മറന്നില്ല. പ്രസിഡന്റ് വത്സമ്മ ജോണിന്റെ ഓണ-സ്വാതന്ത്യ്രദിന സന്ദേശങ്ങള്‍ക്കുശേഷം കുട്ടികളെ പങ്കെടുപ്പിച്ച് ദേശഭക്തി ഗാനത്തിനു ചുവടുവച്ച് മനോഹരമായ നൃത്തം അവതരിപ്പിച്ചു.

സമാപന സമ്മേളനം 16 നു (ഞായര്‍) വൈകുന്നേരം അഞ്ചിനു ലാസ് വേഗസിലെ ഫ്ളമിന്‍ഗോ ലൈബ്രറി തിയേറ്ററില്‍ ആരംഭിച്ചു. മൂന്നു മണിക്കൂറുകള്‍ മികവുറ്റ കലാപരിപാടികള്‍ അഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി. കള്‍ച്ചറല്‍ സെക്രട്ടറി ഷൈനി തോമസ് പരിപാടികളുടെ അവതാരകരായി ജെന്‍സി മാത്യു, ബീന ജോണ്‍ എന്നിവരെ സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് വത്സമ്മ ജോണ്‍ സ്വാഗതം ആശംസിച്ചു. വേദിയിലെത്തിയ മുഖ്യാതിഥി സാന്‍ ഫ്രാന്‍സിസ്കോ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വെങ്കടേശന്‍ അശോകിനെ കള്‍ചറല്‍ സെക്രട്ടറി ഷൈനി തോമസ് ബൊക്കയും സെക്രട്ടറി ജോസ് ഓണാട്ട് പൊന്നാടയും പ്രസിഡന്റ് വത്സമ്മ ജോണ്‍ ഫലകവും നല്‍കി ആദരിച്ചു.

തുടര്‍ന്നു കോണ്‍സുല്‍ ജനറിലിനൊപ്പാം അസോസിയേഷന്റെ മുന്‍ കാല പ്രസിഡന്റുമാരും ഭദ്രദീപം തെളിച്ച് ഓണാഘോഷങ്ങളുടെ സമാപന സമ്മേളത്തിനു തുടക്കം കുറിച്ചു. 75 വയസിനുമേല്‍ പ്രായമുള്ള ലാസ് വേഗസിലെ മലയാളികളെ പൊന്നാട നല്‍കിയും 2015-ലെ ഹൈസ്കൂള്‍ ഗ്രാജുവേറ്റിനെ പൂച്ചെണ്ടുകള്‍ നല്‍കിയും ആദരിച്ചു. മാവേലി തമ്പുരാനെ ലാസ് വേഗസിലെ മലയാളി സുന്ദരികള്‍ സ്റേജിലേക്കു ആനയിച്ചു. തുടര്‍ന്നു തിരുവാതിര കളി, എല്ലാ പ്രായക്കരും അവതരിപ്പിച്ച സിനിമാ ക്ളാസിക്കല്‍ നൃത്തനിര്‍ത്യങ്ങള്‍, ഗാനങ്ങള്‍ എന്നിവ അരങ്ങേറി. സെക്രട്ടറി ജോസ് ഓണാട്ട് കമ്മിറ്റി അംഗങ്ങള്‍ക്കും പരിപാടികള്‍ അവതരിപ്പിച്ച എല്ലാ കലാപ്രതിഭകള്‍ക്കും മാതാപിതാക്കള്‍ക്കും ആഘോഷങ്ങള്‍ വിജയമാക്കാന്‍ സഹയിച്ച വോളന്റിയര്‍മാര്‍ക്കും നന്ദി പറഞ്ഞു.

തുടന്നു കോണ്‍സുല്‍ ജനറല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞു. പൊതുജനങ്ങള്‍ക്ക് കോണ്‍സുലേറ്റില്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ആശങ്കകള്‍ക്കും വെങ്കടേശന്‍ അശോക് മറുപടി നല്‍കുകയും കോണ്‍സുലേറ്റിന്റെ എല്ലാ സഹായ സഹകരണവും വാഗ്ദാനം ചെയ്തു.

ഓണാഘോഷം വന്‍ വിജയമാക്കി തീര്‍ത്ത കമ്മിറ്റി അംഗങ്ങള്‍ക്ക് സംഘാടകര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോണ്‍ ജോര്‍ജ്