സ്വതന്ത്ര ഇന്ത്യയുടെ അറുപത്തൊമ്പതാമത് വാര്‍ഷികം മല്ലപ്പള്ളിയില്‍ ആഘോഷിച്ചു
Saturday, August 22, 2015 8:46 AM IST
മഹാത്മാഗാന്ധിയുടേയും ചാച്ചാ ജവഹര്‍ലാല്‍ നെഹ്റുവിന്റേയും സുബാഷ് ചന്ദ്രബോസിന്റേയും സരോജിനി നായിഡുവിന്റേയും വേഷവിതാനങ്ങള്‍ ധരിച്ച് മല്ലപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളിലെ മൂവായിരത്തോളം കുട്ടികളും മുതര്‍ന്നവരും പങ്കെടുത്ത സ്വാതന്ത്യ്രദിന ഷോഷയാത്ര നഗരം ചുറ്റി, പൊതുസമ്മേളനത്തോടെയും ദേശഭക്തിഗാനങ്ങളാലും പര്യവസാനിച്ചു.

ഫോമയുടെ പ്രഥമ സെക്രട്ടറി അനിയന്‍ ജോര്‍ജ് (യുഎസ്എ) ദേശീയ പതാക ഉയര്‍ത്തി ആരംഭിച്ച ഘോഷയാത്രയില്‍ ചെണ്ടമേളം, വാദ്യമേളം, വിവിധ സ്കൂളുകളിലെ കലാകാരികളുടെ പ്രച്ഛന്ന വേഷം, എന്‍സിസി കേഡറ്റുകളുടെ മാര്‍ച്ച് തുടങ്ങി ഒട്ടേറെ ആകര്‍ഷകങ്ങളായ ഇനങ്ങളുണ്ടായിരുന്നു.

മല്ലപ്പള്ളി സീനിയര്‍ ചേംബറിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി നടത്തപ്പെടുന്ന സ്വാതന്ത്യ്രദിനാഘോഷം കേരളത്തിലെ തന്നെ ശ്രദ്ധേയമായ ആഘോഷപരിപാടിയാണ്. വര്‍ണശബളമായ ഘോഷയാത്രയ്ക്കുശേഷം നടന്ന പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എംപി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേംബര്‍ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ മാത്യു ടി. തോമസ് എംഎല്‍എ, ഫോമ മുന്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ചേംബര്‍ ദേശീയ പ്രസിഡന്റ് ബി. ജയരാജന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് കെ.ജി. സാബു, ജില്ലാ പഞ്ചായത്ത് അംഗം ശാന്തി പി. നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുകോശി പോള്‍, കെസിസിഎന്‍എ ട്രഷറര്‍ അലക്സ് ജോണ്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ സ്വാതന്ത്യ്രദിനാശംസകള്‍ നേര്‍ന്നു.

സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ചേംബര്‍ ദേശീയ പ്രസിഡന്റ് ബി. ജയരാജനും സീനിയര്‍ ചേംബര്‍ ട്രഷറര്‍ രാജന്‍ ജോര്‍ജും ഉപഹാരങ്ങള്‍ കൈമാറി.

രാജീവ് മല്ലപ്പള്ളി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം