'നോവല്‍ സാഹിത്യം - ഒരു സമഗ്രപഠനം' കേരള റൈറ്റേഴ്സ് ഫോറം ചര്‍ച്ചാ സമ്മേളനം നടത്തി
Tuesday, August 25, 2015 5:13 AM IST
ഹൂസ്റന്‍: ഏറെക്കുറെ സങ്കീര്‍ണ്ണമായ ഇതിവൃത്തത്തില്‍ ഭൂതകാലത്തിന്റേയോ വര്‍ത്തമാന കാലത്തിന്റേയോ ഭാവികാലത്തിന്റേയോ യഥാര്‍ഥ ജീവിതത്തെയോ സാങ്കല്‍പ്പിക ജീവിതത്തെയോ പ്രതിനിധീകരിക്കുന്ന സംഭവപരമ്പരകളേയും കഥാപാത്രങ്ങളേയും അതിതന്മയത്വമായി ചിത്രീകരിക്കുന്ന സാമാന്യം നീണ്ട ഗദ്യകഥയാണ് നോവല്‍. പ്രഫസര്‍ എം.പി പോള്‍ പറഞ്ഞപോലെ മനുഷ്യരുടെ വിചാരവികാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭവ്യവുമായ ഒരു ഇതിവൃത്തത്തെ ആഖ്യാനം ചെയ്ത് അനുവാചകമനസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ രചനയാണ് നോവല്‍ സാഹിത്യം എന്ന് കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ഓഗസ്റ് മാസത്തിലെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രസിദ്ധ നോവലിസ്റ് മാത്യു നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും നിരൂപകരുടെയും വായനക്കാരുടേയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം ഓഗസ്റ് പതിനഞ്ചാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള കേരള ഹൌസ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു സമ്മേളനം നടത്തിയത്.
കേരള റൈറ്റേഴ്സ് ഫോറം സെക്രട്ടറി മാത്യു മത്തായി സന്നിഹിതരായവര്‍ക്കു സ്വാഗതമാശംസിക്കുകയും പ്രസിഡന്റ് ജോണ്‍ മാത്യു, ഇന്ത്യന്‍ സ്വാതന്ത്യ്രദിനത്തെ അനുസ്മരിച്ചുകൊണ്ടും സ്വാതന്ത്യ്രസമര സേനാനികള്‍ക്കും, രാഷ്ട്രശില്‍പ്പികള്‍ക്കും നന്ദിയും അഭിവാദനങ്ങളും അര്‍പ്പിച്ചുകൊണ്ടും സംസാരിച്ചു. ഇപ്രാവശ്യത്തെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ മീറ്റിംഗിനായി ഡാളസില്‍നിന്നെത്തിയ ലാനാ ഭാരവാഹികളും പ്രവര്‍ത്തകരുമായ ഏബ്രഹാം തെക്കേമുറി, ജോസന്‍ ജോര്‍ജ്, ഷീലാ മോന്‍സ് മുരിക്കന്‍, അനുപമ സക്കറിയ തുടങ്ങിയവരെ പ്രത്യേകമായി പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയുമുണ്ടായി. ഇപ്രാവശ്യത്തെ പ്രതിമാസ സാഹിത്യസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് മോഡറേറ്ററായി പ്രവര്‍ത്തിച്ചതു പ്രമുഖ എഴുത്തുകാരനായ ബാബു കുരവക്കല്‍ ആണ്.

ചെറുകഥാകൃത്തായ ജോസഫ് തച്ചാറ എഴുതിയ സ്വര്‍ഗീയ ഭീകരവാദം എന്ന ചെറുകഥ കഥാകൃത്തു തന്നെ സഭയില്‍ വായിച്ചു. മരണാനന്തര ജീവിതവും, സ്വര്‍ഗവും, നരകവും, ശുദ്ധീകരണ പ്രക്രിയകളും, സത്യവിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും അനാവരണം ചെയ്തുകൊണ്ടു മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന തലവെട്ടും, പരസ്പര നശീകരണങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ഉദ്വേഗജനകമായി പ്രതിഫലിപ്പിക്കുന്ന കഥയെ പറ്റി സന്നിഹിതരായവര്‍ ഒരു സമഗ്രപഠനവും വിമര്‍ശനവും ആസ്വാദനവും നടത്തി.

മാത്യു നെല്ലിക്കുന്ന് അവതരിപ്പിച്ച നോവല്‍ സാഹിത്യപഠനത്തെ ആസ്പദമാക്കി നോവല്‍ സാഹിത്യത്തിന്റെ ചരിത്രവും ഉത്പത്തിയും മറ്റു ഇന്ത്യന്‍ ഭാഷകളുടേയും ഇംഗ്ളീഷ് തുടങ്ങിയ പാശ്ചാത്യ ഭാഷകളുടേയും സ്വാധീനവും കലര്‍പ്പും എത്രമാത്രം മലയാള നോവല്‍സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടുണ്ടെന്നു അവിടെ കൂടിയ പലരും പരിശോധിക്കുകയുണ്ടായി. ഒരു കഥ, പ്ളോട്ട്, ഇതിവൃത്തം എങ്ങനെ ഒരു മൂര്‍ത്തമായ നോവല്‍ സൃഷ്ടിയായി തീരുന്നു. ഇപ്പോഴത്തെ നീണ്ട കഥകളും, ടി.വി. സീരിയല്‍ കഥകളുമായി നോവലുകള്‍ക്കുള്ള സാദൃശ്യങ്ങള്‍, ബന്ധങ്ങള്‍, പോരായ്മകള്‍ എല്ലാം ചര്‍ച്ചക്ക് വിധേയമായി.

ജോര്‍ജ് മണ്ണിക്കരോട്ട്, ജോണ്‍ മാത്യു, എ.സി. ജോര്‍ജ്, മാത്യു മത്തായി, ഈശൊ ജേക്കബ്, എബ്രഹാം തെക്കേമുറി, ബാബു കുരവക്കല്‍, ഷീലാ മോന്‍സ് മുരിക്കന്‍, ജോസന്‍ ജോര്‍ജ്, അനുപാ സക്കറിയ, മാത്യു നെല്ലിക്കുന്ന്, ജോണ്‍ കുന്തറ, മേരി കുരവക്കല്‍, തോമസ് ചെറിയാന്‍, ബോബി മാത്യു, ജോസഫ് മണ്ടപം, ജോണ്‍ ഔസേഫ്, ഗ്രേസി നെല്ലിക്കുന്ന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ഡാളസില്‍ നടത്തുന്നു ലാനാ (ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) കണ്‍വന്‍ഷന്റെ ഒരു രജിസ്ട്രേഷന്‍ കിക്കോഫും ഇതേ സമ്മേളനത്തില്‍ വെച്ചു നടത്തുകയുണ്ടായി. ഡാളസില്‍ നിന്നെത്തിയ ലാനാ ഭാരവാഹിയായ എബ്രഹാം തെക്കേമുറി റൈറ്റേഴ്സ് ഫോറം പ്രസിഡന്റായ ജോണ്‍ മാത്യുവിന് രജിസ്ട്രേഷന്‍ കൊടുത്തുകൊണ്ട് ഹൂസ്റന്‍ മേഖലാ കിക്കോഫ് നടത്തി. എല്ലാ എഴുത്തുകാരേയും ഭാഷാസ്നേഹികളെയും സാഹിത്യാസ്വാദകരെയും ലാനാ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഏബ്രഹാം തെക്കേമുറിയും, ജോസന്‍ ജോര്‍ജും സംസാരിക്കുകയുണ്ടായി. ടെക്സസിലെ വന്‍നഗരമായ ഡാളസില്‍ നടക്കുന്ന ലാനാ കണ്‍വന്‍ഷനില്‍ ടെക്സസിലെ മറ്റൊരു വന്‍നഗരമായ ഹൂസ്റന്‍ മലയാളികളുടെ സജീവ സാന്നിധ്യം ഒരു വന്‍ മുതല്‍ക്കൂട്ടായിരിക്കുമെന്നു ഡാളസില്‍നിന്നെത്തിയ ലാനാ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്