സാന്‍ ഫ്രാന്‍സിസ്കോ ഫാമിലി റിട്രീറ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, August 25, 2015 7:57 AM IST
കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്കോ മാര്‍ത്തോമ ഇടവകയുടെ ഫാമിലി റിട്രീറ്റ് ഓഗസ്റ് 28 മുതല്‍ 30 വരെ ലോസ് ഗാറ്റോസ് പ്രസന്റേഷന്‍ സെന്ററില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഇടവകയിലെ ജനങ്ങള്‍ തമ്മില്‍ ആത്മീയവും മാനസികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് റിട്രീറ്റ് മൂലം സാധിക്കുമെന്ന് ഇടവക വികാരി റവ. ബിജു പി. സൈമണ്‍ പറഞ്ഞു. ഗോഡ്സ് ഡിസൈന്‍ ഫോര്‍ ഫാമിലി എന്നതാണ് ചിന്താവിഷയം. ഇടവകയിലെ കൂടുതല്‍ ആളുകളും ജോലി ചെയ്യുന്ന സിലിക്കണ്‍ വാലിയില്‍നിന്ന് കേവലം 20 മിനിറ്റ് മാത്രമേ റിട്രീറ്റ് സെന്ററിലേക്കുള്ള സാന്താക്രൂസ് മലനിരകളില്‍ റെഡ്-വുഡ് കാടിന്റെ നടുക്ക് ശാന്ത സുന്ദരമായ 67 ഏക്കറിനുള്ളിലാണു പ്രസന്റേഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

28നു വൈകുന്നേരം നാലിനു രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ഇടവക സെക്രട്ടറി ജേക്കബ് വര്‍ഗീസ് അറിയിച്ചു. അന്നേദിവസം വൈകുന്നേരം ആറിനാണ് അത്താഴം. പ്രായമനുസരിച്ച് വെവ്വേറെ യോഗങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കും.

ആത്മീയ പഠനത്തിനും ചര്‍ച്ചകള്‍ക്കും പുറമെ കലാവിനോദ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്െടന്നു ഇടവക ട്രസ്റിമാരായ സുജിത്ത് ഐസക്ക്, കുര്യന്‍ ഇടുക്കുള എന്നിവര്‍ അറിയിച്ചു. എല്ലാ ദിവസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പ്രഭാത സവാരിക്കും ഇടവേള സമയത്ത് നീന്തലിനും സൌകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കും പ്രാതലിനും ശേഷമായിരിക്കും റിട്രീറ്റ് പര്യവസാനിക്കുക.

റിപ്പോര്‍ട്ട്: ബെന്നി പരിമണം