പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ വെബ്സൈറ്റ് പ്രകാശനം ചെയ്തു
Thursday, August 27, 2015 4:58 AM IST
ന്യൂയോര്‍ക്ക്: സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസില്‍ പ്രവര്‍ത്തനം ആരംഭിച്ച പാസ്ററല്‍ കെയര്‍ സര്‍വീസിന്റെ വെബ്സൈറ്റ് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ പ്രകാശനം ചെയ്തു. പെന്‍സില്‍വേനിയയിലെ ലങ്കാസ്ററില്‍ നടത്തിയ യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിലെ പൊതുസമ്മേളനത്തില്‍ പ്രത്യേക ചടങ്ങില്‍ സഭയിലെ അഭിവന്ദ്യ തിരുമേനിമാര്‍, കോര്‍എപ്പിസ്ക്കോപ്പമാര്‍, വൈദികശ്രേഷ്ഠര്‍, ശെമ്മാശന്മാര്‍ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മലങ്കര ആര്‍ച്ച് ഡയോസിസ് അധിപന്‍ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തീമോസ് (അങ്കമാലി മേഖല), പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര സഭാ കാര്യ സെക്രട്ടറി മാത്യൂസ് മോര്‍ തീമോത്തിയോസ്, ക്നാനായ ആര്‍ച്ച് ഡയോസിസ് അധിപന്‍ ആര്‍ച്ച്ബിഷപ് അയൂബ് മോര്‍ സില്‍വാനോസ്, അഭിവന്ദ്യ കുറിയാക്കോസ് മോര്‍ സില്‍വാനോസ്, അഭിവന്ദ്യ കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ്, ഗ്വാട്ടിമാല ആര്‍ച്ച്ബിഷപ് മാത്യൂസ് മോര്‍ എഡ്വാര്‍ഡോ എന്നീ മെത്രാപ്പോലീത്തമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. പാസ്ററല്‍ കെയര്‍ സര്‍വ്വീസ് ഡയറക്ടര്‍ റവ.ഏബ്രഹാം കടവില്‍ കോര്‍ എപ്പിസ്കോപ്പ ആമുഖ പ്രസംഗം നടത്തി.

പാസ്ററല്‍ കെയര്‍ സര്‍വീസിനു എല്ലാവിധമായ അനുഗ്രഹങ്ങളും നേര്‍ന്നുകൊണ്ട് പാത്രിയര്‍ക്കീസ് ബാവ വെബ്സൈറ്റ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ റവ.ഫാ.സാക്ക് വര്‍ഗീസ്, ഫാ.രഞ്ജന്‍ മാത്യു, കമാന്‍ഡര്‍ ഡോ. റോയി പി. തോമസ് പൂതിയോട്ട്, ഡോ.ജേക്കബ് മാത്യു, ഡോ.ഷീല മാത്യു ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍ ആശംസകളര്‍പ്പിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം