ക്വീന്‍സ് മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍
Thursday, August 27, 2015 4:59 AM IST
ന്യൂയോര്‍ക്ക്: ഫ്ളോറല്‍പാര്‍ക്കിലെ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ഇടവകയുടെ വലിയ പെരുന്നാളായ എട്ടുനോമ്പും പരിശുദ്ധ മാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ് 30 മുതല്‍ വിവിധ കാര്യപരിപാടികളോടെ വിപുലമായി കൊണ്ടാടും. ഈവര്‍ഷത്തെ പെരുന്നാളിനു മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് പ്രധാന അതിഥിയായി നേതൃത്വം നല്‍കും.

ഓഗസ്റ് 30-നു (ഞായറാഴ്ച) രാവിലെ ഏഴിനു പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് 7.45-നു നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടും പ്രത്യേക പ്രാര്‍ഥനകളോടുംകൂടി നോമ്പാചരണത്തിനും ആഘോഷങ്ങള്‍ക്കും തുടക്കംകുറിക്കും.

സെപ്റ്റംബര്‍ അഞ്ചാംതീയതി (ശനിയാഴ്ച) വൈകുന്നേരം 5.30-നു ഇടവക വികാരി റവ. ഡോ. വര്‍ഗീസ് മാനിക്കാട്ട് പള്ളിയങ്കണത്തില്‍ കൊടിയേറ്റുന്നതോടെ പ്രധാന തിരുനാളാഘോഷങ്ങള്‍ക്കു തിരികൊളുത്തും. അഭിവന്ദ്യ തിരുമേനിക്കു പ്രത്യേകം ഒരുക്കപ്പെട്ട കുട്ടികളുടെ നിരകള്‍ സ്വാഗതമരുളി സ്വീകരണം നല്‍കും. തുടര്‍ന്ന് ആറിനു സന്ധ്യാപ്രാര്‍ഥന, ഏഴിനു വിശുദ്ധ കുര്‍ബാന, ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ പ്രത്യേക പ്രാര്‍ഥനകള്‍ എന്നിവ നടത്തപ്പെടും. വിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിഗീതങ്ങള്‍ ആലപിച്ചു നടത്തപ്പെടുന്ന പ്രദക്ഷിണം പെരുന്നാളിന്റെ ആഘോഷപ്പൊലിമ വിളിച്ചോതുന്നതാവും.

സെപ്റ്റംബര്‍ ആറാം തീയതി രാവിലെ ഏഴിനു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടത്തുന്നതാണ്. വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അദ്ഭുതപ്രാര്‍ഥനാഫലം ഉണ്ടാകുന്ന വിശുദ്ധ കുര്‍ബാന പ്രത്യേകമായി എല്ലാ ആഴ്ചകളിലും അനേകര്‍ വഴിപാടായി ഏറ്റുകഴിക്കുന്ന രീതി ഈ ദേവാലയത്തിലെ സവിശേഷതയാണ്. മധ്യസ്ഥ പ്രാര്‍ഥന, ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങള്‍ക്ക് അവസാനം കുറിക്കും. പ്രത്യേക പ്രാര്‍ഥനകള്‍ക്കു പേരുകള്‍ കൊടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് (301 520 5527) വികാരി, ജിനു ജോണ്‍ (917 704 9784) സെക്രട്ടറി, ലഖിന്‍ കുര്യാക്കോസ് (917 754 5456) ട്രഷറര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം