ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Thursday, August 27, 2015 5:00 AM IST
ഷിക്കാഗോ: വാക്കിഗണിലുള്ള സെന്റ് മേരീസ് ക്നാനായ യാക്കോബായ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി കൊണ്ടാടി. മോന്‍സണ്‍ മാലിക്കറുകയിലും കുടുംബവുമാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തിയത്.

ഓഗസ്റ് ഒമ്പതിനു ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ഫാ. തോമസ് മേപ്പുറത്ത് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പെരുന്നാള്‍ കൊടിയേറ്റം നടത്തി.

കല്ലിശേരി മേഖലാ മെത്രാപ്പോലീത്ത കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസാണ് ഈ വര്‍ഷത്തെ പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിച്ചത്. ഓഗസ്റ് 15-നു (ശനിയാഴ്ച) 6.30നു സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രഘോഷണം, തുടര്‍ന്ന് നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ഭക്തിനിര്‍ഭരമായ ഘോഷയാത്ര എന്നിവ നടത്തപ്പെട്ടു. അന്നേദിവസം നടന്ന കരിമരുന്ന് പ്രയോഗവും കുട്ടികളുടെ കലാവിരുന്നും പരിപാടികള്‍ക്കു മാറ്റുകൂട്ടി.

16-നു (ഞായറാഴ്ച) രാവിലെ 10 മണിക്ക് കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കപ്പെട്ടു. തുടര്‍ന്നു എല്ലാ വിശ്വാസികളും കല്ലും തൂവാലയും വെച്ച് പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയംപ്രാപിച്ചു. ഉച്ചയ്ക്കു രണ്ടിനു നടന്ന വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിച്ചു. കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസില്‍നിന്നു കത്തിച്ച മെഴുകുതിരി ഏറ്റുവാങ്ങി ബാലു മാലത്തുശേരിലും കുടുംബവും അടുത്തവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്തു. ഷീനാ മംഗലത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം