അഭയാര്‍ഥികളെ തടയാന്‍ ഹംഗറി സൈനികരെ നിയോഗിക്കുന്നു
Thursday, August 27, 2015 9:13 AM IST
ബുഡാപെസ്റ്: സെര്‍ബിയന്‍ നിയന്ത്രണ രേഖയോടുചേര്‍ന്ന് ഹംഗറി സൈനികരെ വിന്യസിക്കുന്നു. അതിര്‍ത്തി കൊട്ടിയടച്ചിട്ടും അഭയാര്‍ഥികളുടെ കുത്തൊഴുക്ക് നിയന്ത്രിക്കാനാവാത്തതിനെത്തുടര്‍ന്നാണു നടപടി. പ്രശ്നകലുഷിതമായ സിറിയ, അഫ്ഗാനിസ്ഥന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ആയിരങ്ങളാണു ദിവസവും യൂറോപ്പിലെ സുരക്ഷിത താവളങ്ങള്‍ തേടി സെര്‍ബിയ വഴി ഹംഗറിയിലെത്തുന്നത്.

ചൊവ്വാഴ്ച മാത്രം 2500 പേരാണ് അതിര്‍ത്തി കടന്നത്. റോസ്കെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് ആശങ്കക്കിടയാക്കി. വിരലടയാളം ശേഖരിക്കാനും രേഖകള്‍ പരിശോധിക്കാനും അഭയാര്‍ഥികള്‍ വിസമ്മതിച്ചതാണു പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇരുനൂറോളം സംഘര്‍ഷക്കാര്‍ക്കുനേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബുധനാഴ്ച ഹംഗറിയിലെത്തിയ 1300 പേരെ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്. എല്ലായിടത്തും അതിര്‍ത്തി ഭദ്രമല്ലാത്തതിനാല്‍ അനൌദ്യോഗികമായി നൂറുകണക്കിനു പേര്‍ വേറെയും രാജ്യത്തെത്തിയിട്ടുണ്ടാകാമെന്നാണു കണക്ക്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു സെര്‍ബിയ-ഹംഗറി വഴി ആയിരങ്ങളാണ് അതിര്‍ത്തി കടക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ മൂന്നര മീറ്റര്‍ ഉയരത്തില്‍ 175 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതില്‍ നിര്‍മാണം ഹംഗറി ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് അതിര്‍ത്തിയില്‍ സൈനിക വിന്യാസവും ആലോചിക്കുന്നത്്. പാര്‍ലമെന്റ് അനുമതി തേടി അടുത്തയാഴ്ച വിഷയം സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി സോള്‍ട്ടന്‍ കൊവാക്സ് പറഞ്ഞു.

ഈ വര്‍ഷം ഇതുവരെയായി 1,40,000 പേര്‍ ഹംഗറിയിലത്തിെയിട്ടുണ്െടന്നാണു കണക്ക്. ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ആദ്യം ഗ്രീസിലേക്കും തുടര്‍ന്ന് മാസിഡോണിയ വഴി സെര്‍ബിയയിലുമെത്തുന്നവര്‍ ഹംഗറിയിലെത്തി യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറുകയാണ് പതിവ്. 10,000 അഭയാര്‍ഥികള്‍ എന്ന തോതിലാണ് രാജ്യം കടക്കുന്നതെന്നു കഴിഞ്ഞ ദിവസം സെര്‍ബിയ അറിയിച്ചു. അഭയാര്‍ഥി പ്രശ്നം രൂക്ഷമായതോടെ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ ഹെലികോപ്റ്ററുകള്‍, കുതിരകള്‍, പോലീസ് നായ്ക്കള്‍ എന്നിവയുടെ സേവനം ഉപയോഗപ്പെടുത്തിയാണു നിരീക്ഷണം നടത്തുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍