മെല്‍ബണില്‍ എട്ടു നോമ്പ് തിരുനാള്‍ സെപ്റ്റംബര്‍ ആറിന്
Saturday, August 29, 2015 9:04 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ വെസ്റ് റീജണിന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ പിറവി തിരുനാള്‍ സെപ്റ്റംബര്‍ ആറിന് (ഞായര്‍) ആഘോഷിക്കുന്നു. മെല്‍ബണിലെ ആര്‍ഡീറിലുള്ള കനന്‍ ഓഫ് ഹെവന്‍ ദേവാലയത്തിലാണ് തിരുനാളാഘോഷം.

തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഓഗസ്റ് 30നു (ഞായര്‍) ആരംഭിക്കും. മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി കൊടികയറ്റുകര്‍മ്മം നിര്‍വഹിക്കും. 31 മുതല്‍ തിരുനാള്‍ ദിനം വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിനും സെപ്റ്റംബര്‍ മൂന്നിനു (വ്യാഴം) അഞ്ചിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും കൊന്തയും ഉണ്ടായിരിക്കും. ഫാ. മനോജ് കന്നംതടത്തില്‍, ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. പയസ് കൊടക്കത്താനത്ത്, ഫാ.തോമസ് കുമ്പഡില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സെപ്റ്റംബര്‍ അഞ്ചിനു (ശനി) വൈകുന്നേരം ഏഴിനുള്ള വിശുദ്ധ കുര്‍ബാനക്കും തിരി പ്രദക്ഷിണത്തിനും മെല്‍ബണ്‍ സൌത്ത്-ഈസ്റ് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. എബ്രഹാം കുന്നത്തോളി മുഖ്യ കാര്‍മികനായിരിക്കും.

തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ ആറിനു (ഞായര്‍) 2.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. വിന്‍സെന്റ് മഠത്തിപറമ്പില്‍ മുഖ്യകാര്‍മികനായിരിക്കും. ഫാ.ടോമി കളത്തൂര്‍ സഹകാര്‍മികനായിരിക്കും. മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ ഉത്സവിന്റെയും എംസിഎസ്എയുടെയും നേതൃത്വത്തില്‍ ചെണ്ടമേളവും മാള്‍ട്ട ഗോസയുടെ ബാന്‍ഡ് സെറ്റും ഉണ്ടായിരിക്കും. തിരുനാള്‍ ദിവസം മാതാവിന്റെ മുടി എഴുന്നള്ളിക്കുന്നതിനും അമ്പ് എഴുഴുള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൌകര്യം ഉണ്ടായിരിക്കും.

41 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. ചാപ്ളെയിന്‍ ഫാ.മാത്യു കൊച്ചുപുരയ്ക്കല്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ പയസ് പോള്‍, ട്രസ്റിമാരായ സജി മാത്യു, വിനു ജോസഫ്, തോമസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ളെയിന്‍ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍