തിരുവോണാശംസകളുമായി സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍
Monday, August 31, 2015 2:59 AM IST
ന്യൂയോര്‍ക്ക്: തിരുവോണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള മലയാളിമക്കള്‍ ഒരുങ്ങിക്കഴിഞ്ഞു. ഉത്രാടം- തിരുവോണ ദിനങ്ങളില്‍മാത്രം ഒതുങ്ങാതെ സെപ്റ്റംബര്‍ പകുതിവരെയുണ്ടാകും വിവിധ രാജ്യങ്ങളില്‍ അധിവസിക്കുന്ന മലയാളി മക്കള്‍ക്ക്. മണ്ണിലും മനസ്സിലും പ്രതീക്ഷയുടെ പൂക്കളമൊരുക്കി എത്തുന്ന തിരുവോണ നാളുകല്‍ നാടിന്റെ നന്മനിറഞ്ഞ ഗതകാല സമരണകളിലേക്കുള്ള തീര്‍ത്ഥയാത്രകൂടിയാണ്. പ്രവാസി മലയാളി ലോകത്ത് ഓണം എന്നും ഒത്തൊരുമയുടേയും തനി നാടന്‍ സദ്യയുടേയും, തനതു കലാരൂപങ്ങളുടേയും പുനരാവിഷ്കാരവും, കേരളീയ വസ്ത്രങ്ങളില്‍ ഉടുത്തൊരുങ്ങലും ഒക്കെ നിറഞ്ഞ ഉത്സവാഘോഷമാണ്. സാമൂഹ്യ-സാംസ്കാരിക സംഘടനകളും ദേവാലയങ്ങളും വരെ വമ്പിച്ച ഓണപ്പരിപാടികളാണ് ഒരുക്കുന്നത്.

ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്റിലുള്ള മലയാളികള്‍ക്കും ഇന്ത്യന്‍ സമൂഹവും ഉജ്വലമായ ഓണാഘോഷം ഒരുക്കി കാത്തിരിക്കുകയാണ്. മൂന്നര പതിറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള സ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ ആറാംതീയതി ന്യൂഡോര്‍ഫ് ഹൈസ്കൂളില്‍ വെച്ച് നടത്തപ്പെടുന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന തിരുവോണാഘോഷത്തിലേക്ക് ഏവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്തുകൊണ്ട് ഐശ്വര്യ സമ്പദ് സമൃദ്ധിയുടേയും ഒത്തൊരുമയുടേയും ഓണാശംസകള്‍ നേരുന്നതായി 'പൊന്നോണം 2015' കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട്, സെക്രട്ടറി റോഷിന്‍ മാമ്മന്‍, ട്രഷറര്‍ ബാബു മൈലപ്ര, വൈസ് പ്രസിഡന്റ് ആന്റോ ജോസഫ് എന്നിവര്‍ അറിയിച്ചു.

തിരുവോണസദ്യ, തിരുവാതിര, ചെണ്ടമേളം, താലപ്പൊലി, മാവേലി വരവേല്‍പ്, വള്ളംകളി തുടങ്ങിയ പരിപാടികള്‍ക്കൊപ്പം അസോസിയേഷന്റെ അഭിമാനമായ സ്കൂള്‍ ഓഫ് ആര്‍ട്സ് അണിയിച്ചൊരുക്കുന്ന വിവിധയിനം നൃത്തനൃത്യങ്ങള്‍, ന്യൂജേഴ്സിയിലെ മിത്രാസ് ഒരുക്കുന്ന നാടകം എന്നിവ ഈവര്‍ഷത്തെ പ്രത്യേകതകളാണെന്ന് കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പറഞ്ഞു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം