ട്രൈസ്റേറ്റ് കേരള ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തു
Monday, August 31, 2015 6:28 AM IST
ഫിലാഡല്‍ഫിയ: ട്രൈസ്റേറ്റ് 2015 ലെ കേരള ഫോറം അവാര്‍ഡ് എം.സി. സേവ്യര്‍ (സ്പോര്‍ട്സ്), ജോയി കടുകന്‍മാക്കല്‍ (തിയറ്റര്‍ പയനിയര്‍), ഷാജി വര്‍ഗീസ് (കമ്യൂണിറ്റി സര്‍വീസ്) എന്നിവര്‍ക്കു സമ്മാനിച്ചു.

ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ പതിമൂന്നാമത് സംയുക്ത ഓണാഘോഷ വേളയിലാണു സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെ ആദരിച്ചത്.

2015 ലെ സ്പോര്‍ട്സ് അവാര്‍ഡ് ലഭിച്ച എം.സി. സേവ്യര്‍ ഫിലാഡല്‍ഫിയായിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ പ്രമുഖനാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ എന്ന തത്ത്വത്തിനു മുന്‍തൂക്കം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം കൊടുക്കുന്നത്. ഫിലാഡല്‍ഫിയായില്‍ കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും വോളിബോള്‍, സോക്കര്‍, ബാസ്കറ്റ്ബോള്‍ എന്നീ ഗെയിമുകള്‍ക്കു പ്രോത്സാഹനവും പരിശീലനവും നല്‍കുന്നതിനും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതിനും ഡെലവേര്‍വാലി സ്പോര്‍ട്സ് ക്ളബ് എന്ന സംരംഭം ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി.

ട്രൈസ്റേറ്റ് കേരള ഫോറം കലാമികവിനുള്ള അവാര്‍ഡ് നല്‍കി ആദരിച്ച ജോയി കടുകന്‍മാക്കല്‍ അമേരിക്കയിലെ മലയാള നാടകരംഗത്തെ മികച്ച പ്രതിഭയാണ്. നാടക രചയിതാവ്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ 1983 മുതല്‍ നാടകരംഗത്തെ സജീവസാന്നിധ്യമായ അദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ശാപമോക്ഷം, ഭദ്രദീപം, മേച്ചില്‍പ്പുറങ്ങള്‍, കുങ്കുമസന്ധ്യ എന്നീ നാടകങ്ങള്‍ അമേരിക്കയില്‍ കുടിയേറിയ മലയാളികളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ അപഗ്രഥിക്കുന്ന കലാസൃഷ്ടികളായിരുന്നു.

ട്രൈസ്റേറ്റ് കേരള ഫോറം ബിസിനസ്മാന്‍ അവാര്‍ഡ് നല്‍കി ആദരിച്ച ഷാജി വര്‍ഗീസ് 1986 മുതല്‍ ഫിലാഡല്‍ഫിയായിലെ ബിസനസ് രംഗത്തെ സജീവ സാന്നിധ്യമാണ്. ഇന്ത്യന്‍ അമേരിക്കന്‍ ഗ്രോസറി സ്റോറിലൂടെ ബിസനസ് രംഗത്തേയ്ക്ക് പ്രവേശിച്ച അദ്ദേഹം. 2002ല്‍ നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയായില്‍ റോയല്‍ സ്പൈസിസ് എന്ന സ്ഥാപനം തുടങ്ങി വിജയകരമായി പ്രവര്‍ത്തിച്ചുവരികയാണ്.

ട്രൈസ്റേറ്റ് കേരള ഫോറത്തിന്റെ 2015ലെ അവാര്‍ഡ് നിര്‍ണയത്തിന് ജോര്‍ജ് ഓലിക്കല്‍ ചെയര്‍മാനായുള്ള കമ്മിറ്റിയാണു പ്രവര്‍ത്തിച്ചത്. ഓണാഘോഷത്തിന്റെ മുഖ്യാതിഥി ഡോ. നിഷ പിള്ള, ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍, ഫിലാഡല്‍ഫിയ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അല്‍റ്റോബന്‍ ബര്‍ഗര്‍ എന്നിവരാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.