വ്യാജ തൊഴില്‍വാഗ്ദാനം; സര്‍വീസ് കാനഡ അന്വേഷണം ആരംഭിച്ചു
Tuesday, September 1, 2015 6:59 AM IST
ഒട്ടാവ: കാനഡയിലേക്ക് വ്യാജ തൊഴില്‍ വാഗ്ദാനം നടത്തിയ സ്ഥാപനങ്ങള്‍ക്കുനേരെ അടിയന്തര നടപടികള്‍ സ്വീകരിക്കാനും അന്വേഷണം കൂടുതല്‍ വ്യാപകമാക്കാനും സര്‍വീസ് കാനഡ തീരുമാനിച്ചു.

സൌദി അറേബ്യ അടക്കം ഉള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണു തൊഴില്‍ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് വഞ്ചിതരായത്.

വിവിധ തരത്തിലുള്ള ജോലികള്‍ക്കായി ഗ്രൂപ്പ് വീസ, ഫാമിലി വീസ, സിംഗിള്‍ വീസ എന്നിവ തരപ്പെടുത്തി കൊടുക്കുന്നതിനുവേണ്ടി പല ഏജന്‍സികളും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനു വിവരം ലഭിച്ചിട്ടുണ്ട്. സര്‍വീസ് കാനഡയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍, മുദ്രകള്‍ പതിപ്പിച്ച ജോലി വാഗ്ദാനങ്ങള്‍ ആണ് ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കിയിട്ടുള്ളത്. 300 ഡോളര്‍ മുതല്‍ 3500 ഡോളര്‍ വരെ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ നഷ്ടപ്പെട്ട നിരവധിപേര്‍ തങ്ങള്‍ക്കു പറ്റിയ അമളി പുറത്തറിയിച്ചിട്ടില്ല.

സൌദിയില്‍ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന 12 ഓളം വരുന്ന മലയാളികളും അഹമ്മദാബാദിലെ പ്രശസ്ത നിര്‍മാണ കമ്പനി മാനേജര്‍, കൊച്ചിയിലെ ഗുണനിലവാര കണ്‍സള്‍ട്ടന്റ് എന്നിവര്‍ക്കു ലഭിച്ച ജോലി വാഗ്ദാന കത്തുകളും രേഖകളും സംശയം തോന്നിയതിനെത്തുടര്‍ന്ന് ജയ്ഹിന്ദ് പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും ഇന്തോ- അമേരിക്കന്‍ പ്രസിഡന്റുമായ ജയശങ്കര്‍ പിള്ളയ്ക്ക് കൈമാറുകയും സംശയം തോന്നിയതിനെത്തുടര്‍ന്നു സര്‍ക്കാര്‍ തലത്തില്‍ ജയശങ്കര്‍ പരാതി സമര്‍പ്പിക്കുകയുമായിരുന്നു.

രാജ്യത്തിന്റെ അന്തസിനു കളങ്കം വരുന്ന തരത്തില്‍ വ്യാജ രേഖ ചമയ്ക്കല്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് സര്‍വീസ് കാനഡയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ ടിയര്‍ഡീവാസിന് ഓഗസ്റ് 31നു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉച്ചയോടുകൂടി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്നു കാനഡ നാഷണല്‍ ഇന്റഗ്രിറ്റി ഡിപ്പാര്‍ട്ടുമെന്റ് അന്വേഷണം ആരംഭിച്ചു.

രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനായി മൂന്നാം കക്ഷി ആയി പരാതി നല്‍കിയ ജയശങ്കറിനെയും സഹായി ദീപുവിനെയും ഗവണ്‍മെന്റ് പ്രതിനിധികള്‍ അഭിനന്ദിച്ചു.

കനേഡിയന്‍ വീസ സംബന്ധമായ പൂര്‍ണ വിവരങ്ങള്‍ക്ക് വു://ംംം.രശര.ഴര.രമ/ലിഴഹശവെ/ശിറലഃ.മു എന്ന വെബ് സൈറ്റ് ഉപയോഗിക്കുക.