ഹംഗറി റെയില്‍വേ സ്റേഷന്‍ താത്കാലികമായി അടച്ചു
Tuesday, September 1, 2015 7:56 AM IST
ബുഡാപെസ്റ്: അഭയാര്‍ഥികളുടെ അഭൂതപൂര്‍വമായ തള്ളിക്കയറ്റംമൂലം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റിലെ റെയില്‍വേ സ്റേഷന്‍ താത്കാലികമായി അടച്ചു. പോലീസ് അധികാരികളാണു സ്റേഷന്‍ പൂട്ടി സീല്‍ചെയ്തത്. ഇതിനെതിരേ റെയില്‍വേ സ്റേഷനു പുറത്ത് അഭയാര്‍ഥികള്‍ പ്രതിഷേധിച്ചുവെങ്കിലും പോലീസ് ഒന്നിനും പ്രതികരിച്ചില്ല.

സ്റേഷനില്‍ തിങ്ങിക്കൂടിയ അഭയാര്‍ഥികള്‍ ഓസ്ട്രിയ, ജര്‍മനി എന്നീ രാജ്യങ്ങളിലേക്കുള്ള ട്രെയിനുകള്‍ ലക്ഷ്യം പിടിച്ചുവെങ്കിലും ആദ്യത്തെ ട്രെയിനുകള്‍ക്കു മാത്രമേ അധികൃതര്‍ യാത്രാനുമതി നല്‍കിയുള്ളൂ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിയന്നയിലും മ്യൂണിക്കിലുമായി 3650 അഭയാര്‍ഥികള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍, സെപ്റ്റംബര്‍ ഒന്നിന് (ചൊവ്വ) 1400 അഭയാര്‍ഥികള്‍ മ്യൂണിക്കില്‍ എത്തിയതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതലായി എത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാനായി ജര്‍മനി വീണ്ടും തയാറെടുപ്പുകള്‍ നടത്തുകയാണ്. കാര്യങ്ങള്‍ വഷളാകാതിരിക്കാന്‍ പോലീസിനും പട്ടാളത്തിനും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍