മാപ്പിള കലാവേദി അനുസ്മരണം
Wednesday, September 2, 2015 3:40 AM IST
കുവൈത്ത്: മാപ്പിള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കി അകാലത്തില്‍ പൊലിഞ്ഞുപോയ മഹത് വ്യക്തിത്വങ്ങളായ കെ.ജി. സത്താര്‍, കാഥിക ആയിഷ ബീഗം, ഗാനരചയിതാവ് കെ.ടി. മൊയ്തീന്‍, കണ്ണൂര്‍ സലിം എന്നിവരെ മാപ്പിള കലാവേദി കുവൈത്ത് അനുസ്മരിച്ചു.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കണ്ണൂര്‍ സലീമെന്ന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ ഫത്താഹ് തൈയില്‍ പറഞ്ഞു. കഷ്ടപ്പാടുകള്‍ക്കിടയിലും സംഗീതത്തെ സ്നേഹിക്കുകയും മാപ്പിളപ്പാട്ട് ഗാനശാഖക്ക് മികച്ച സംഭാവന നല്‍കുകയും ചെയ്ത കെ.ജി. സത്താറും സമൂഹത്തിന്റെ എതിര്‍പ്പുകള്‍ക്കിടയിലും ധീരമായി കഥാപ്രസംഗ രംഗത്ത് നിലകൊണ്ട ആയിഷ ബീഗവും മുസ്ലിം ജീവിതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെ അക്ഷരങ്ങളാക്കി കൈരളിക്ക് സമര്‍പ്പിച്ച ഗാന രചയിതാവ് കെ.ടി. മൊയ്തീന്‍ വിസ്മൃതിയിലേക്ക് മറഞ്ഞെങ്കിലും അവരുടെ പാട്ടുകളെ എന്നും എക്കാലവും ഓര്‍മയില്‍ തിളങ്ങി നില്‍ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാപ്പിള കലാവേദി പ്രസിഡന്റ് ഹബീബ് മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് കണ്‍ട്രി ഹെഡ് അഫ്സല്‍ ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീര്‍ കൊയിലാണ്ടിയുടെ സംഗീതത്തില്‍ മാപ്പിള കലാവേദിയുടെ കലാകാരന്മാര്‍ ഒരുക്കിയ ഇന്നലെയുടെ ഇശലുകള്‍ മണ്‍മറഞ്ഞ വ്യക്തിത്വങ്ങളോടുള്ള ആദരമായി. ഹമീദ് മധൂര്‍, ഇഖ്ബാല്‍ മുറ്റിച്ചൂര്‍, റാഫി കാലിക്കട്ട്, അസീസ് തിക്കോടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യാസര്‍ കരിങ്കല്ലത്താണി സ്വാഗതവും നൌഫല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍