ചങ്ങനാശേരി കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി
Thursday, September 3, 2015 5:20 AM IST
ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, ചങ്ങനാശേരി- കുട്ടനാട് പിക്നിക്ക് നടത്തി. ഓഗസ്റ് 29-നു ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്സ് പാര്‍ക്കില്‍ വെച്ചായിരുന്നു പിക്നിക്ക്.

ചങ്ങനാശേരി കുട്ടനാട് നിവാസികളും എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളുമായ നിരവധി മലയാളി സുഹൃത്തുക്കള്‍ പിക്നിക്കില്‍ പങ്കെടുത്തു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും പൂര്‍വ്വ കലാലയ സ്മരണകളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ് ബന്ധങ്ങളും പരിചയങ്ങളും പുതുക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നതിന് സുവര്‍ണ്ണാവസരമൊരുക്കിയ പിക്നിക്ക് ആയിരുന്നു ഇത്. എസ്ബി കോളേജില്‍ നിന്നും 1954 ലില്‍ സുവോളജി ഐശ്ചിക വിഷയമായി പഠിച്ചു ഗ്രാജുവേറ്റ് ചെയ്ത അക്കാമ്മ സാംകുട്ടിയെയും ഭര്‍ത്താവ് റവ. മത്തായി സാംകുട്ടിയെയും പിക്നികില്‍ പങ്കെടുത്തതിനു അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. ടോമി മേത്തിപ്പാറ ഉദ്ഘാടനം ചെയ്ത പിക്നിക്കിന് സ്വാഗതം ആശംസിച്ചത് എസ്.ബി അലുംമ്നി പ്രസിഡന്റ് ചെറിയാന്‍ മാടപ്പാട്ട് ആണ്. ബിജി കൊല്ലാപുരം ഏവര്‍ക്കും നന്ദി പറഞ്ഞു.

പിക്നിക്കിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത് ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം, ഷിബു അഗസ്റിന്‍ എന്നിവരാണ്. കൂടാതെ ജിജി മാടപ്പാട്ട്, ആന്റണി ഫ്രാന്‍സീസ്, ഫിലിപ്പ് പവ്വത്തില്‍, ജയിംസ് ഓലിക്കര, സാലിച്ചന്‍, , ജോണ്‍ നടയ്ക്കപ്പാടം, റെറ്റി കൊല്ലാപുരം എന്നിവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി. പിക്നിക്ക് വൈകിട്ട് നാലോടെ സമാപിച്ചു. പിആര്‍ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം