ശ്രീ നാരായണഗുരു ഏകലോക വ്യവസ്ഥിതിയുടെ മഹാ പ്രവാചകന്‍: സ്വാമി സച്ചിദാനന്ദ
Thursday, September 3, 2015 5:58 AM IST
ന്യൂഡല്‍ഹി : എല്ലാവിധ ഭേദചിന്തകള്‍ക്കും അതീതമായി വിശ്വദര്‍ശനം ചമച്ച ശ്രീ നാരായണ ഗുരു ഏകലോക വ്യവസ്ഥിതിയുടെ മഹാ പ്രവാചകനാണന്ന് ശിവഗിരി മഠം ധ്യാനാചാര്യന്‍ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. ഗുരു ധര്‍മ്മ പ്രചാരണ സഭ ഡല്‍ഹി യൂണിറ്റിന്റെ 161-ാമത് ശ്രീ നാരായണ ജയന്തി ആഘോഷം ഡല്‍ഹിയിലെ കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയതയും മത തീവ്രവാദവും വംശീയ പ്രശ്നങ്ങളും കൊണ്ട് എരിയുന്ന മനസുകളില്‍ ശാന്തിയുടെ അമൃതവര്‍ഷം ചൊരിയുവാന്‍ ശ്രീ നാരായണ ദര്‍ശനത്തിനു മാത്രമേ കഴിയൂ എന്നും സ്വാമിജി വ്യക്തമാക്കി. 'പൊരുതി ജയിപ്പതു അസാധ്യ'മെന്ന ഗുരുദര്‍ശനം ഉള്‍ക്കൊള്ളുവാന്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തയാറാകണമെന്നും സ്വാമികള്‍ അഭ്യര്‍ഥിച്ചു.

ഗുരു ധര്‍മ്മ പ്രചാരണ സഭ കോഓര്‍ഡിനേറ്റര്‍ കെ.എസ്. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സ്വാമി ധര്‍മ്മ ചൈതന്യ, ശ്രീ നാരായണ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എസ്. സുവര്‍ണകുമാര്‍, നാരായണ ഋഷി, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍, സെക്രട്ടറി കല്ലറ മനോജ്, ഡല്‍ഹി മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, പത്തിയൂര്‍ രവി, മണ്‍ട്രോതുരുത്ത് ശശി എന്നിവര്‍ പ്രസംഗിച്ചു.

ഗുരുദര്‍ശനം മാസികയുടെ ജയന്തി പതിപ്പ് സച്ചിദാനന്ദ സ്വാമികള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി