പ്രമുഖ ബില്‍ഡര്‍ ജിബിന്‍ ജിയോ ഐഎപിസി അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍
Thursday, September 3, 2015 8:04 AM IST
ന്യൂയോര്‍ക്ക്: ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തിനു കേരളത്തിലെ പ്രമുഖ ബില്‍ഡറും നെയിറ്റ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടറുമായ ജിബിന്‍ ജിയോയെ ഗോള്‍ഡ് സ്പോണ്‍സര്‍ ആയി പ്രഖ്യാപിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ബില്‍ഡറായ ജിബിന്‍ മാധ്യമരംഗത്തോടുള്ള തന്റെ സ്നേഹവും ഒപ്പം ഐഎപിസിയുടെ പ്രവര്‍ത്തന മികവു കണ്ടും സ്പോണ്‍സര്‍ഷിപ്പിനായി മുന്നോട്ടുവരികയായിരുന്നു. ഇരുപതുവര്‍ഷമായി നിര്‍മാണമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജിബിന്‍ ജിയോയുടെ നെയിറ്റ് ബില്‍ഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനം കൊച്ചിയിലാണ്. ഷോപ്പിംഗ് മാളുകളും ഫ്ളാറ്റുകളുമാണു നെയിറ്റ് ബില്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പ്രവാസികള്‍ക്കെല്ലാം പ്രയോജനകരമാകുന്ന നിരവധി പദ്ധതികളാണ് അദ്ദേഹം നടപ്പാക്കുന്നത്. നാട്ടില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വിജയിച്ചതിലൂടെ പ്രവാസിലോകത്തും ജിബിന്‍ ജിയോ സുപരിചിതനാണ്. നെയിറ്റ് ബില്‍ഡേഴ്സ് ഡയറക്ടര്‍ മില്‍നയാണ് ഭാര്യ. ആറാം ക്ളാസ് വിദ്യാര്‍ഥിയായ ജോര്‍ജ്, മൂന്നാം ക്ളാസ് വിദ്യാര്‍ഥിനി എലിസബത്ത് എന്നിവര്‍ മക്കളാണ്.

2015 ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ഉന്നത നിലവാരമുള്ള സെമിനാറുകളും വര്‍ക്ഷോപ്പുകളും ഉണ്ടായിരിക്കും. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ സിറ്റിസണ്‍ ജേര്‍ണലിസ്റുകളെയും ഫൊട്ടോഗ്രഫേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ്/ ഫീച്ചര്‍ റെയ്റ്റിംഗ് ഫോട്ടോഗ്രഫി, അടിക്കുറിപ്പ് എഴുത്ത് തുടങ്ങിയ മത്സരങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ദയ ബായിക്ക് 'സത്കര്‍മ' അവാര്‍ഡ് നല്‍കി ആദരിക്കുമെന്നും ഐഎപിസി ഭാരവാഹികള്‍ അറിയിച്ചു.