ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി
Friday, September 4, 2015 5:27 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി. മലബാര്‍ കേറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടിയാണു പരിപാടികള്‍ ആരംഭിച്ചത്. കാര്‍ഷിക വിഭവങ്ങളുടെ വഞ്ചിയുടെ പ്രദര്‍ശനം കാണികളേവരുടെയും പ്രശംസ പടിച്ചുപറ്റി. കൃത്യം 6.30നുതന്നെ ചെണ്ടമേളം ആരംഭിച്ചു. പുലികളിയും, മുത്തുക്കുടകളും, വിശിഷ്ടാതിഥികളോടൊത്തു നീങ്ങിയ ഘോഷയാത്ര കേരളത്തിലെ ഗ്രാമത്തിലെ ഓണാഘോഷത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഷിക്കാഗോയിലെ മലയാളി പ്രവാസികള്‍ക്ക് അനുഭവപ്പെട്ടത്. ചടങ്ങില്‍ അണിചേരുവാന്‍ മലയാളികള്‍ മാത്രമല്ല, നല്ലൊരു സംഖ്യ ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും സമീപവാസികളായ ഇസ്രയേല്‍ വംശജരും ഉള്‍പ്പെട്ടിരുന്നു.

അസോസിയേഷന്‍ പ്രസിഡന്റ് സാം ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ മുഖ്യാതിഥിയായി എയര്‍ ഇന്ത്യ മിഡ്വെസ്റ് റീജിയന്‍ മാനേജര്‍ നകുല്‍ ചന്ദ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍ ബിഷപ് കുര്യാക്കോസ് തോട്ടുപുറം ഓണസന്ദേശം നല്‍കി. മാനവീകതയാണ് ഓണം നല്‍കുന്ന പാഠമെന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അസോസിയേഷന്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ ഫൊക്കാനാ ഫൌണ്േടഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാനാ റീജണല്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനില്‍കുമാര്‍ പിള്ളയായിരുന്നു പരിപാടികളുടെ അവതാരകന്‍.

പരിപാടികള്‍ പലതുമുണ്ടായിട്ടും തുച്ഛമായ പ്രവേശന ഫീസില്‍ ശ്രദ്ധേയമായൊരു ഓണാഘോഷം മലയാളിക്ക് സമ്മാനിക്കാന്‍ അസോസിയേഷനു കഴിഞ്ഞ സംതൃപ്തിയിലാണു പ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം