പ്രവാസി ചാനല്‍ ഉദ്ഘാടനവും നാമി അവാര്‍ഡ് വിതരണവും സെപ്റ്റംബര്‍ ഏഴിന്
Friday, September 4, 2015 6:08 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിലും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ അവാര്‍ഡ് (നാമി) വിതരണത്തിലും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍ എംപി, ആന്റോ ആന്റണി എംപി, മലയാള മനോരമ എഡിറ്റോറിയല്‍ ബോര്‍ഡ് ഡയറക്ടര്‍ തോമസ് ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ ഏഴിനു (തിങ്കള്‍) ക്വീന്‍സിലെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂളില്‍ വൈകുന്നേരം അഞ്ചിനാണു പരിപാടി.

നാമി അവാര്‍ഡ് ജേതാവായ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, തൊട്ടടുത്ത സ്ഥാനത്തുതന്നെ എത്തിയ ടി.എസ്. ചാക്കോ, ഡോ. ആനി പോള്‍ തുടങ്ങിയവരും പങ്കെടുക്കും. ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട് തുടങ്ങിയവരും പങ്കെടുക്കും.

അമേരിക്കയില്‍ രൂപംകൊണ്ട മാധ്യമത്തിനു പൂര്‍ണ പിന്തുണയുമായി അമേരിക്കയിലെ മാധ്യമപ്രതിനിധികളും പങ്കെടുക്കും.

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ അഅഠങഅ ആത്മ പെര്‍ഫോമിംഗ് ആര്‍ട്സിലെ നൃത്തപരിപാടികളാണ് മുഖ്യാകര്‍ഷണം. ബിന്ദ്യ പ്രസാദിന്റെ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ നൃത്തങ്ങള്‍, സതീഷ് മേനോന്‍ (അറ്റ്ലാന്റാ), അനിത കൃഷ്ണ, സുമ നായര്‍, ജോഷി ജോസ്, സോഫിയ മണലില്‍, കാതറിന്‍ മാത്യു, റോഷന്‍ എന്നിവരുടെ ഗാനങ്ങള്‍ എന്നിവയും ചടങ്ങിനു മാറ്റുകൂട്ടും.