വിവരാവകാശ പ്രവര്‍ത്തകര്‍ക്കായി അവാര്‍ഡ് രൂപവത്കരിക്കും
Tuesday, September 8, 2015 9:05 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച വിവരാവകാശ പ്രവര്‍ത്തകരെ അനുമോദിക്കുന്നതിനായി അവാര്‍ഡ് രൂപവത്കരിക്കുമെന്നു പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ലോഥി റോഡിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞയാഴ്ച നിര്യാതനായ വിവരാവകാശ പ്രവര്‍ത്തകനും പ്രവാസി ലീഗല്‍ സെല്ലിന്റെ വൈസ് പ്രസിഡന്റുമായ കൊണ്ടത്ത് പദ്മനാഭന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഈ വര്‍ഷം തന്നെ പ്രസ്തുത അവാര്‍ഡിനു രൂപം നല്‍കും.

ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ അംഗം അഡ്വ. ഏബ്രാഹം പാറ്റാനി, സതേണ്‍ സ്റാര്‍ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ആര്‍. നായര്‍, സുപ്രീംകോടതി അഭിഭാഷകന്‍ വില്‍സ് മാത്യൂസ്, പ്രവാസി ലീഗല്‍ സെല്‍ ജനറല്‍ സെക്രട്ടറി ബിന്‍സ് സെബാസ്റ്യന്‍, ഡിനിപ് കെയര്‍ ജനറല്‍ സെക്രട്ടറി കെ.വി. ഹംസ, പ്രവാസി ലീഗല്‍ സെല്‍ ഭരണസമിതി അംഗം തോമസ് ലൂയിസ് എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്