പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു
Friday, September 18, 2015 6:26 AM IST
സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി നവംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്നു.

നവംബര്‍ 14ന് എത്തുന്ന ബാവായ്ക്ക് സിഡ്നിയിലെയും സമീപ പ്രദേശങ്ങളിലേയും ദേവാലയങ്ങളില്‍നിന്നുള്ള വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരണം നല്‍കും. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സ്വീകരണ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

വൈകുന്നേരം സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ബാവ സന്ധ്യാനമസ്കാരത്തിനു നേതൃത്വം നല്‍കും. ഞായറാഴ്ച കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതുതായി പണികഴിപ്പിച്ച സണ്‍ഡേ സ്കൂള്‍ ബില്‍ഡിംഗിന്റെ കൂദാശ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യും. വൈകുന്നേരം എപ്പിംഗ് സെന്റ് മേരിസ് ചര്‍ച്ചില്‍ പരിശുദ്ധ ബാവ സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാന്‍ബറയും ബ്രിസ്ബെയ്നും സന്ദര്‍ശിക്കുന്ന ബാവ അവിടുത്തെ ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

തുടര്‍ന്നു മെല്‍ബണില്‍ എത്തുന്ന ബാവ ഡാന്‍ഡിനോംഗില്‍ പുതുതായി പണികഴിപ്പിച്ച സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശാകര്‍മങ്ങളിലും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലും ബാവ സംബന്ധിക്കും.

22നു (ഞായര്‍) മെല്‍ബണ്‍ സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ബസേലിയോസ് ദ്വിതീയന്‍ കാതോലിക്ക ബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 23നു ഓസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബാവ കേരളത്തിലേക്കു മടങ്ങും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത, സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്  മെത്രാപ്പോലീത്ത തുടങ്ങിയവരും ബസേലിയോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ അനുഗമിക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: റിപ്പോര്‍ട്ട്: സുജീവ് വര്‍ഗീസ്