സ്റാറ്റന്‍ഐലന്‍ഡില്‍ ഓണാഘോഷം ഉജ്വലമായി
Thursday, September 24, 2015 4:44 AM IST
ന്യൂയോര്‍ക്ക്: വന്‍ ജനപ്രാതിനിധ്യവും, സാമൂഹ്യ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യവും, ഉന്നത കലാമൂല്യമുള്ള പരിപാടികളും സമന്വയിച്ച ഓണാഘോഷമാണ് ഇത്തവണ ന്യൂയോര്‍ക്കിലെ സ്റാറ്റന്‍ഐലന്‍ഡില്‍ അരങ്ങേറിയത്. അമേരിക്കയിലെ തന്നെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റാറ്റന്‍ഐലഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ന്യൂഡോര്‍ഫ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരുവോണാഘോഷങ്ങളില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ. കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ അംഗവും മഹിള കോണ്‍ഗ്രസ് ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ സിമി റോസ്ബെല്‍ ജോണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

അറൂനൂറില്‍പ്പരം ആളുകള്‍ക്കു വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പിയതോടെയാണു ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചത്. റോഷന്‍ മാമ്മന്റെ നേതൃത്വത്തില്‍ വനിതാസംഘത്തിന്റെ പ്രവര്‍ത്തകര്‍ നയനമനോഹരമായ പൂക്കളം ഒരുക്കിയിരുന്നു. വിശിഷ്ടാതിഥികളേയും മാവേലിയേയും വാദ്യമേളങ്ങളുടേയും താലപ്പൊലിയുടെയും അകമ്പടിയോടെ സമ്മേളന വേദിയിലേക്ക് ആനയിച്ചതോടെ സാംസ്കാരികസമ്മേളനത്തിനു തുടക്കംകുറിച്ചു. പ്രസിഡന്റ് സാമുവേല്‍ കോശിയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളും അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്നു നിലവിളക്കില്‍ ഭദ്രദീപം പകര്‍ന്നു. ക്രിസ്റീന സാമുവേല്‍ അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു. ആരംഭമായി മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ് (ന്യൂജേഴ്സി) അവതരിപ്പിച്ച തിരുവാതിര ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി.

തിരുവോണാഘോഷ കോ-ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നുകൊണ്ടു അസോസിയേഷന്‍ സെക്രട്ടറി റോഷന്‍ മാമ്മനെ സമ്മേളനത്തിന്റെ അവതാരകനായി സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് സണ്ണി കോന്നിയൂര്‍ സ്വാഗതം ആശംസിച്ചു. തിരുവോണം നല്‍കുന്ന സമത്വവും സന്തോഷവും ഐക്യമത്യവും നമ്മുടെ സമൂഹത്തില്‍ എക്കാലവും നിലനില്‍ക്കട്ടെ എന്ന് പ്രസിഡന്റ് സാമുവേല്‍ കോശി തന്റെ അധ്യക്ഷപ്രസംഗത്തില്‍ ആശംസിച്ചു. ഫൊക്കാന 2016-ല്‍ നടത്തുന്ന വാര്‍ഷിക കണ്‍വന്‍ഷനിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നുവെന്നും അതോടൊപ്പം ഓണാശംസകള്‍ നേരുന്നതായും ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ പറഞ്ഞു. ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ ഓണസന്ദേശം നല്‍കിക്കൊണ്ട് ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും മയാമി കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. മലയാളക്കരയുടെ സാംസ്കാരിക പൈതൃകം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുവാന്‍ സ്റാറ്റന്‍ഐലന്‍ഡ് മലയാളി അസോസിയേഷന്‍ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് സിമി റോസ്ബെല്‍ ജോണ്‍ ഓണസന്ദേശം നല്‍കി.

ഫോമയുടെ ദേശീയ നേതൃരംഗത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാജി എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, ജോസ് വര്‍ഗീസ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്‍ നല്‍കുന്ന സംഭാവന ട്രഷറര്‍ ജോര്‍ജ് പീറ്റര്‍ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലിനു കൈമാറി. ക്യാപ്റ്റന്‍ രാജു ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി. മുന്‍ പ്രസിഡന്റ് പരേതനായ ജോസ് തോമസിനു യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.

കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫ്രെഡ് എഡ്വേര്‍ഡ് കലാപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ങഅടക സ്കൂള്‍ ഓഫ് ആര്‍ട്സിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, മയൂര സ്കൂള്‍ ഓഫ് ആര്‍ട്സ്, മിത്രാസ് (ന്യൂജേഴ്സി) തുടങ്ങിയവരുടെ ദൃശ്യ-ശ്രാവ്യ-കലാവിരുന്നുകള്‍ എന്നിവ ഉന്നത നിലവാരം പുലര്‍ത്തി. പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട്, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), റോഷന്‍ മാമ്മന്‍ (സെക്രട്ടറി), ആന്റോ ജോസഫ് (ജോയിന്റ് സെക്രട്ടറി), സണ്ണി കോന്നിയൂര്‍ (വൈസ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ പരിപാടികളുടെ ഉന്നത വിജയത്തിനായി പ്രവര്‍ത്തിച്ചു. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം