ഫ്രാന്‍സിസ് മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും
Thursday, September 24, 2015 4:46 AM IST
വിഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൌസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് പ്രസിഡന്റ് ഒബാമയും പ്രഥമ വനിത മിഷേലും വൈറ്റ് ഹൌസ് ഉദ്യോഗസ്ഥനും മറ്റു വിശിഷ്ടവ്യക്തികളും ചേര്‍ന്നു ഊഷ്മളമായ സ്വീകരണം നല്‍കി.  ബുധനാഴ്ച രാവിലെ 9.15 -നു വൈറ്റ് ഹൌസിന്റെ സൌത്ത് ലോണില്‍ പ്രത്യേകം തയാറാക്കിയിക്കുന്ന വേദിയിലായിരുന്നു സ്വീകരണചടങ്ങ് ക്രമീകരിച്ചിക്കുന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 20,000 പേര്‍ സ്വീകരണച്ചടങ്ങ് വീക്ഷിക്കാന്‍ സൌത്ത് ലോണില്‍ എത്തിയിരുന്നു. വൈറ്റ് ഹൌസ് ഉദ്യാന വളപ്പില്‍ ആദ്യമായിട്ടാണു ഇത്രയും ആളുകള്‍ ഒരു ലോകനേതാവിനെ കാണാന്‍ ഒത്തുകൂടുന്നത്.

ചൊവ്വാഴ്ച്ച വൈകുന്നേരം നാലിനു അമേരിക്കന്‍ തീര്‍ഥാടനത്തിനെത്തിയ പരിശുദ്ധപിതാവിനെ ഒബാമയും മിഷേലും, ജോ ബൈഡനും ചേര്‍ന്ന് വാഷിംഗ്ടണ്‍ ആന്‍ഡ്രൂസ് എയര്‍ ഫോഴ്സ് ബേസ് വിമാനത്താവളത്തില്‍ സ്വീകരിച്ചിരുന്നു. അമേരിക്കയിലെത്തിയ ശേഷമുള്ള ആദ്യത്തെ ഔദ്യോഗികപരിപാടിയായിരുന്നു വൈറ്റ് ഹൌസ് സ്വീകരണം. വൈറ്റ് ഹൌസിലെ സ്വീകരണം എറ്റുവാങ്ങുന്ന മൂന്നാമത്തെ പോപ്പ് ആണു ഫ്രാന്‍സിസ് മാര്‍പാപ്പ. 

സ്വീകരണത്തെതുടര്‍ന്ന് ഒബാമയും, ഫ്രാന്‍സിസ് പാപ്പയും തമ്മില്‍ ഹൃസ്വമായ സ്വകാര്യ സംഭാഷണം ഓവല്‍ ഓഫിസില്‍ വച്ചുനടന്നു. തുടര്‍ന്നു തുറന്ന പാപ്പാമൊബീലില്‍ ചുറ്റിസഞ്ചരിച്ച് ഫ്രാന്‍സിസ് പാപ്പ റോഡിനിരുവശവും തിങ്ങിക്കൂടിയിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തു.

സെപ്റ്റംബര്‍ 24-നു (വ്യാഴാഴ്ച) രാവിലെ പത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധനചെയ്യും. ഇംഗ്ളീഷിലായിരിക്കും മാര്‍പാപ്പ കോണ്‍ഗ്രസ് അംഗങ്ങളോടു സംസാരിക്കുക. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണു ഒരു മാര്‍പാപ്പ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഹൌസ് സ്പീക്കര്‍ ജോണ്‍ ബോനര്‍ കഴിഞ്ഞ 20 വര്‍ഷങ്ങള്‍യ്ക്കിടെ മൂന്നു മാര്‍പാപ്പാമാരെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധനചെയ്യാന്‍ ക്ഷണിച്ചെങ്കിലും ഫ്രാന്‍സിസ് പാപ്പായാണു ആദ്യമായി ആ ക്ഷണം സ്വീകരിച്ചത്. തന്റെ ക്ഷണം സ്വീകരിച്ചതില്‍ ജോണ്‍ ബോനര്‍ വളരെയധികം സന്തുഷ്ടനാണ്.

വിന്‍സ്റണ്‍ ചര്‍ച്ചില്‍ മൂന്നു പ്രാവശ്യം യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിട്ടുണ്ട്. നെല്‍സണ്‍ മണ്േടല രണ്ടു പ്രാവശ്യവും. അടുത്ത കാലത്തായി ജപ്പാന്‍, ഇസ്രായേല്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ കോണ്‍ഗ്രസില്‍ പ്രസംഗിച്ച് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഫ്രാന്‍സിസ് പാപ്പായുടെ കോണ്‍ഗ്രസിലെ പ്രസംഗം ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്. ലോകമനസാക്ഷിയുടെ ശബ്ദമായ ഫ്രാന്‍സിസ് പാപ്പ പറയുന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക താത്പര്യമുണ്ട്. ജനങ്ങളുടെ പോപ്പ് ആയ ഫ്രാന്‍സിസ് പാപ്പായുടെ പാവങ്ങളോടുള്ള അനുകമ്പയും, അവരെ സഹായിക്കാനുള്ള മനസ്ഥിതിയും എല്ലാവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് പാപ്പ നടത്തുന്ന പ്രസംഗം കേള്‍ക്കാന്‍ വന്‍ ഡിമാന്റ് ആയതിനാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തൊട്ടടുത്ത ബന്ധുക്കള്‍ക്കായി ഒരു ടിക്കറ്റ് വീതം മാത്രമേ ലഭിച്ചുള്ളു. ടിക്കറ്റുള്ളവര്‍ക്കു കോണ്‍ഗ്രസ് നടക്കുന്നതിനോടനുബന്ധിച്ചുള്ള ഏതെങ്കിലും മുറിയില്‍ ഇരുന്ന് കാണാന്‍ സാധിക്കും. പുറത്തുനിന്നു പ്രസംഗം കേള്‍ക്കുന്നതിനും സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനും ധാരാളം ആള്‍ക്കാര്‍ക്ക് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അഡ്രസിനുശേഷം മാര്‍പാപ്പ കാപ്പിറ്റോളിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യക്ഷപ്പെട്ട് ചുരുങ്ങിയ സമയത്തേക്ക് പൊതുജനങ്ങള്‍ക്കു ദര്‍ശനം നല്‍കും. സെന്റ് പാട്രിക്ക് ദേവാലയവും, വാഷിംഗ്ടണ്‍ കാത്തലിക് ചാരിറ്റീസും സന്ദര്‍ശിച്ച ശേഷം മാര്‍പാപ്പ വൈകുന്നേരം ന്യൂയോര്‍ക്കിനു തിരിക്കും.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍