നാലു സംസ്ഥാനങ്ങളില്‍ ആഭ്യന്തര വിമാനയാത്രയ്ക്കു പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു
Thursday, September 24, 2015 5:25 AM IST
മിനിസോട്ട: ലൂസിയാന, മിനിസോട്ട, ന്യൂഹാംഷെയര്‍, ന്യൂയോര്‍ക്ക് എന്നീ വിമാനത്താവളങ്ങളില്‍നിന്ന് ആഭ്യന്തര വിമാന യാത്രയ്ക്ക് പാസ്പോര്‍ട്ട് പരിശോധന നിര്‍ബന്ധമാക്കുന്നു.

നാലു സംസ്ഥാനങ്ങള്‍ നല്‍കുന്ന ഡ്രൈവേഴ്സ് ലൈസെന്‍സ് ഫെഡറല്‍ നിലവാരമില്ലാത്തതാണെന്നു കണ്െടത്തിയതിനെത്തുടര്‍ന്നാണു പുതിയ നടപടി.

യാത്രക്കാരെ സംബന്ധിച്ച് പാസ്പോര്‍ട്ട് ലഭിക്കുക എന്നതു ചെലവേറിയ കാര്യമാണ്. നൂറ്റിപത്ത് ഡോളറാണ് പുതിയ പാസ്പോര്‍ട്ട് കിട്ടുന്നതിനും പഴയതു പുതുക്കുന്നതിനും ചെലവാക്കേണ്ടി വരിക.

സെപ്റ്റംബര്‍ 11നുശേഷം 2005 ല്‍ നിലവില്‍ വന്ന 3 റിയല്‍ ഐഡി ആക്ട് ( ഠവല ഞലമഹ കഉ അര) തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന് ദേശീയ തലത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ നാലു സംസ്ഥാനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാതെയാണ് സ്റേറ്റ് ഐഡി നല്‍കിയിരിക്കുന്നത്.

അമേരിക്കന്‍ പൌരത്വമുളളവര്‍ പാസ്പോര്‍ട്ടും അല്ലാത്തവര്‍ ഇമിഗ്രേഷന്‍ രേഖകളും ഹാജരാക്കേണ്ടിവരുമെന്നാണു മുന്നറിയിപ്പില്‍ പറയുന്നത്.

അടുത്ത വര്‍ഷാദ്യം നടപ്പാക്കപ്പെടുമെന്നു കരുതുന്ന ഈ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം പറയുവാന്‍ ടിഎസ്എ അധികൃതര്‍ വിസമ്മതിച്ചു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വെബ് സൈറ്റില്‍ പുതിയ നിയമങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍