ദയാബായിക്ക് സത്കര്‍മ അവാര്‍ഡ് നല്‍കി ആദരിക്കുന്നു
Thursday, September 24, 2015 5:27 AM IST
ന്യൂയോര്‍ക്ക്: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ ഇന്തോ-അമേരിക്കന്‍ പ്രസ് ക്ളബാണ് ദയാ ബായി (76) യെ സത്കര്‍മ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബരുള്‍ ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ സാധാരണ ജീവിതം നയിക്കുന്ന മേഴ്സി മാത്യു എന്ന ദയാ ബായി ലോകശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവര്‍ത്തകയാണ്. പാലാ രാമപുരത്തെ പുരാതന ക്രിസ്തീയ കുടുംബത്തില്‍ ജനിച്ച മേഴ്സി എന്ന 16 വയസുകാരിയുടെ 60 വര്‍ഷക്കാലത്തെ സഹത്തിന്റെയും സഹോദര്യത്തിന്റെയും അവകാശ സമരങ്ങളുടെയും കഥയാണു നമുക്കു നല്‍കുന്നത്.

സാമൂഹിക നന്മയും മാനുഷിക മൂല്യങ്ങളും മാത്രം കൈമുതലായിട്ടുള്ള ദയാബായിയെ സര്‍ക്കാര്‍ തലത്തില്‍നിന്ന് ആദ്യമായി ആദരിക്കുന്നത് 2007 ലെ വുമണ്‍ ഓഫ് ദി ഇയര്‍ നല്‍കി ആണ്. പിന്നീട് 2012 ലെ ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ലോക രാഷ്ട്രങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പല സെമിനാറുകളിലും സ്വീകരണ ചടങ്ങുകളിലും ആദരം ഏറ്റു വാങ്ങിയ ദയാബായ് ഇന്ന് ഇന്ത്യന്‍ സ്ത്രീസമൂഹത്തിന്റെ ഒറ്റയാള്‍ സമര പ്രതീകം കൂടി ആണ്.