സിയാറ്റില്‍ സെന്റ് ജോര്‍ജ് ദേവാലയ കൂദാശ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, September 25, 2015 6:50 AM IST
സിയാറ്റില്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സിയാറ്റില്‍ സെന്റ് ജോര്‍ജ് യാക്കോബായ ദേവാലയ കൂദാശ സെപ്റ്റംബര്‍ 25, 26 (വെളളി, ശനി) ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസിന്റെ കാര്‍മികത്വത്തില്‍ നടക്കും.

യാക്കോബായ സുറിയാനി സഭാംഗങ്ങളായ അഞ്ചോളം കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് ആരാധന നടത്തുന്നതിനും വരുംതലമുറയ്ക്ക് തങ്ങളുടെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനുമുളള ലക്ഷ്യ പൂര്‍ത്തീകരണത്തിനായി 2009 ഡിസംബറില്‍ ഒരു വാടക കെട്ടിടത്തില്‍ വികാരി ഫാ. തോമസ് കോരയുടെ നേതൃത്വത്തില്‍ ഈ ദേവാലയത്തിനു തുടക്കം കുറിച്ചത്. ഇടവകാംഗങ്ങളുടേയും ഇതര ഇടവകയിലെ ഉദാരമതികളായ, അനേകരുടേയും ആത്മാര്‍ഥമായ സഹകരണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രാര്‍ഥനയുടേയും ഫലമാണ് 150ല്‍ പരം വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കെടുക്കുവാന്‍ സാധ്യമാകുന്ന ഈ ദേവാലയവും അതിനോടു ചേര്‍ന്നുളള പാരീഷ് ഹാളും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചതെന്നും അതിനായി ദൈവത്തെ നന്ദിയോടെ സ്മരിക്കുകയാണെന്നും വികാരി ഫാ. തോമസ് കോര അറിയിച്ചു. ഇടവകാംഗങ്ങളുടെ അര്‍പ്പണ മനോഭാവത്തിന്റേയും കഠിനാധ്വാനത്തിന്റേയും തികഞ്ഞ സഭാ സ്നേഹത്തിന്റേയും പ്രാര്‍ഥനയുടേയും പ്രതിഫലനമാണ് ഈ ദേവാലയമെന്നും അതിനായി സഹകരിക്കുകയും അധ്വാനിക്കുകയും ചെയ്ത ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും മാര്‍ തീത്തോസ് സൂചിപ്പിച്ചു.

വെളളി വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥനയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. ശനി രാവിലെ ഒമ്പതിനു നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ മാര്‍ തീത്തോസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങളും നടക്കും. യല്‍ദോ മാര്‍ തീത്തോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വൈദീകര്‍ക്ക് പുറമേ പല വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

പരിപാടിയുടെ നടത്തിപ്പിനായി വികാരിക്കു പുറമെ പോള്‍ വര്‍ക്കി (വൈസ് പ്രസിഡന്റ്), എബി (സെക്രട്ടറി), ജോബി (ട്രസ്റി) പളളി മാനേജിംഗ് കമ്മിറ്റി, ബില്‍ഡിംഗ് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍