ഫാ. ആന്റണി തുണ്ടത്തിലിന്റെ പൌരോഹിത്യ രജതജൂബിലി കൊളംബസില്‍
Saturday, September 26, 2015 5:13 AM IST
ഒഹായോ: അമേരിക്കയില്‍ അജപാലന രംഗങ്ങളിലും സഭാ ഭരണങ്ങളിലും നിസ്തുലമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ പൌരോഹിത്യ രജതജൂബിലി കൊളംബസ് സീറോ മലബാര്‍ മിഷനില്‍ സെപ്റ്റംബര്‍ 27-നു സമുചിതമായി കൊണ്ടാടുന്നു.

പാലായില്‍ വിശുദ്ധിയുടെ മണ്ണ് ഉറങ്ങുന്ന രാമപുരം ഇടവകയില്‍ തുണ്ടത്തില്‍ തറവാട്ടില്‍ പതിനൊന്നു മക്കളില്‍ ആറാമനായി പിറന്ന ഫാ. ആന്റണി, 1979-ല്‍ 'മിഷനറീസ് ഓഫ് സെന്റ് തോമസ്' സഭയില്‍ വൈദീക പരിശീലനം ആരംഭിച്ച് 1991 ഏപ്രില്‍ 19നു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍നിന്നു പൌരോഹിത്യം സ്വീകരിച്ചു.

ചുരുങ്ങിയ കാലംകൊണ്ട് നിര്‍ഭയത്വവും, നിശ്ചയദാര്‍ഢ്യവും, ഭരണനിപുണതയും തെളിയിച്ച ഫാ. ആന്റണി റൂഹലയ മേജര്‍ സെമിനാരില്‍ പ്രഫസറും, അഡ്മിനിസ്ട്രേറ്ററുമായി ശുശ്രൂഷ ചെയ്യവേ ഉന്നത പഠനങ്ങള്‍ക്കായി ബെല്‍ജിയം, ലുവൈസ സര്‍വകലാശാലയിലേക്ക് അയയ്ക്കപ്പെട്ടു. പഠനങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചുവന്ന അദ്ദേഹത്തെ പാലാ രൂപത വൈസ് റെക്ടറായി നിയമിച്ചു.

2001 മുതല്‍ അമേരിക്കയിലെ പ്രവാസികളുടെ അജപാലന ശുശ്രൂഷകള്‍ക്കു വിളിക്കപ്പെട്ടപ്പോള്‍ അതൊരു ദൈവനിശ്ചയം പോലെ ഏറ്റെടുത്ത് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ പണികഴിപ്പിക്കുകയും, പ്രവാസികളുടെ അജപാന ശുശ്രൂഷകളെ കൂട്ടായ്മയിലും ശക്തിയിലും വളര്‍ത്തിക്കൊണ്ടുവന്ന സഭാതനയനാണ് ഫാ. ആന്റണി തുണ്ടത്തില്‍. തുടര്‍ന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ആയി നിയമിതനായി. 2013 മുതല്‍ 'മിഷനറീസ് ഓഫ് സെന്റ് തോമസ്' സഭയുടെ അമേരിക്കയിലേയും കാനഡയിലേയും ഡയറക്ടറാണ്. കിരണ്‍ എലുവങ്കല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം