മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഫിലാഡല്‍ഫിയ ഒരുങ്ങി
Saturday, September 26, 2015 8:39 AM IST
ഫിലാഡല്‍ഫിയ: നാലുദിവസത്തെ വേള്‍ഡ് ഫാമിലി മീറ്റിംഗിനു ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ സെന്ററില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു തിരശീല വീണു. 1994 ല്‍  വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടക്കമിട്ട ഈ ആഗോള കുടുംബസംഗമത്തിന്റെ എട്ടാമതു സമ്മേളനം ഫിലാഡല്‍ഫിയായില്‍ സമാപിക്കുന്നതു പങ്കെടുത്തവരുടെ എണ്ണത്തില്‍ റിക്കാര്‍ഡിട്ടുകൊണ്ടാണ്. 20,000 ല്‍ അധികം ആള്‍ക്കാര്‍ നാലുദിവസങ്ങളിലായി നടന്ന ലോകനിലവാരത്തിലുള്ള കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തു. നൂറിലധികം ലോക രാഷ്ട്രങ്ങളില്‍നിന്നള്ള കുടുംബങ്ങള്‍ ഫിലാഡല്‍ഫിയായില്‍ അതിഥികളായുണ്ട്.

ഇനി ഫ്രാന്‍സിസ് പാപ്പായെ കാത്തുള്ള നിമിഷങ്ങള്‍. സഹോദര സ്നേഹത്തില്‍ നഗരത്തില്‍ എല്ലായിടത്തും ആഹ്ളാദമുഹൂര്‍ത്തങ്ങള്‍. എല്ലാവര്‍ക്കും ഒന്നു മാത്രമേ പറയാനുള്ളൂ. ഫ്രാന്‍സിസ് പാപ്പായെ ഒന്നു നോക്കി കാണണം. ഇതിനായി എല്ലാവരും ശനിയാഴ്ചയും ഞായറാഴ്ചയും ബെന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്ക്വേയിലേക്കു കുതിക്കാന്‍ തയാറെടുത്തു കൊണ്ടിരിക്കുകയാണ്.

1986 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഭാരത വിശുദ്ധാത്മക്കളായ അല്‍ഫോന്‍സാമ്മയെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാന്‍ വിശുദ്ധരുടെ സ്വദേശമായ കോട്ടയത്ത് എത്തിയപ്പോള്‍ ഈ ലേഖകന്‍ മാര്‍പാപ്പയെ തൊട്ടടുത്തു കാണാന്‍ സാധിച്ചത് ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മാര്‍പാപ്പ യെ നേരില്‍ കാണുന്നത്. ആദ്യം കണ്ട മാര്‍പാപ്പ പിന്നീട് വിശുദ്ധനായപ്പോള്‍ അന്നനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.

സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പേപ്പല്‍ വീക്കെന്‍ഡ് ആണ് ഫിലാഡല്‍ ഫിയാക്കാര്‍ക്ക്. ആഗോള കത്തോലിക്കാസഭയുടെ തലവനെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സ്വാഗതമോതിക്കൊണ്ടുള്ള വലിയ കമാനങ്ങളും വെല്‍ക്കം ബാനറുകളും എങ്ങുനോക്കിയാലും കാണാം. ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയാറായിക്കഴിഞ്ഞു. ഫിലാഡല്‍ഫിയ അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളില്‍നിന്നു മാര്‍പാപ്പയുടെ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വിശ്വാസികള്‍ ഒറ്റയായും കൂട്ടമായും ഞായറാഴ്ച പാര്‍ക്ക്വേയിലെത്താന്‍ പ്ളാനിടുന്നു. ചില പള്ളികളില്‍നിന്നും ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ അവരവരുടെ സൌകര്യത്തിനു പൊതുവാഹനങ്ങളില്‍ പാര്‍ക്ക്വേയിലെത്താനാണു പ്ളാന്‍.

ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളിയില്‍നിന്ന് എല്ലാ ഇടവകജനങ്ങളും പ്രായഭേദമെന്യേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. എട്ടു ബസുകള്‍ ഇതിനായി നേരത്തേ ബുക്ക് ചെയ്തിട്ടുണ്ട്. ഇനിയും ഒരു ബസിനുകൂടി ആള്‍ക്കാര്‍ വെയിറ്റിംഗ് ലിസ്റില്‍ നില്‍ക്കുന്നു. ഇതു കൂടാതെ ധാരാളം ആളുകള്‍ സമീപസ്ഥലങ്ങളായ പള്ളികളില്‍നിന്നു ട്രെയിന്‍ മാര്‍ഗം ഞായറാഴ്ച്ച നഗരത്തിലെത്താന്‍ പ്ളാനിടുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം മുദ്രണം ചെയ്തു ഓറഞ്ചുനിറത്തിലുള്ള മനോഹരമായ ടി ഷര്‍ട്ടും ധരിച്ചാണ് ഇടവകക്കാര്‍ ഒന്നടങ്കം ദിവ്യബലിയില്‍ സംബന്ധിക്കുന്നത്. ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഇടവകജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തില്‍ വളരെ സന്തുഷ്ടനാണ്.

അതുപോലെതന്നെ ഫിലാഡല്‍ഫിയ സെന്റ് ന്യൂമാന്‍ ക്നാനായ കാത്തലിക് മിഷനിലെ മുഴുവന്‍ അംഗങ്ങളും മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ പാര്‍ക്ക്വേയിലെത്തി ദിവ്യബലിയില്‍ പങ്കെടുക്കും. ശനിയാഴ്ചയും ധാരാളം ആളുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇന്‍ഡിപെന്‍ഡന്‍സ് ഹാളിലെ പ്രസംഗം കേള്‍ക്കുന്നതിനും ഫെസ്റിവല്‍ ഓഫ് ഫാമിലീസില്‍ പങ്കെടുക്കുന്നതിനും തയാറെടുക്കുന്നുണ്ട്. സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ഇടവക വികാരി റവ. ഡോ. സജി മുക്കൂട്ടും, ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ഷാജി സില്‍വയും പരിപാടികളില്‍ സജീവമായി പങ്കെടുന്നുണ്ട്.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരിയും രൂപതയെ പ്രതിനിധീകരിച്ച് വേള്‍ഡ് മീറ്റിംഗിലും ഫാമിലി ഫെസ്റിവലിലും പേപ്പല്‍ മാസിലും പങ്കെടുക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍നിന്നും 150 ല്‍ അധികം ജീസസ് യൂത്ത് വോളന്റിയര്‍മാര്‍ നാലുദിവസത്തെ മീറ്റിംഗിലും തുടര്‍ന്നുള്ള വീക്കെന്‍ഡ് പരിപാടികളിലും സജീവമായി പങ്കെടുന്നുണ്ട്. ദിവസവും വൈകുന്നേരം സീറോ മലബാര്‍ പള്ളിയില്‍ക്കൂടി ഓരോ ദിവസത്തെയും കോണ്‍ഫറന്‍സ് ചര്‍ച്ചാവിഷയം അവലോകനം ചെയ്തിട്ടുണ്ട്. 50 ല്‍ അധികം ഹോസ്റ് ഫാമിലികളിലായിട്ടാണ് ഇവര്‍ താമസിക്കുന്നത്. എല്ലാംകൂടി ഒരു ഉല്‍സവ പ്രതീതിയാണെങ്ങും.

ഫിലാഡല്‍ഫിയ സീറോമലബാര്‍ ഫൊറോന പള്ളിയെ സംബന്ധിച്ച് ഇതു ഇരട്ടി മധുരത്തിന്റെ ദിനങ്ങള്‍ കൂടിയാണ്. ഫെസ്റിവല്‍ ഓഫ് ഫാമിലീസില്‍ മലയാളി ഇമിഗ്രന്റ് കമ്യൂണിറ്റിയുടെ വകയായി ഇന്ത്യന്‍ ഡാന്‍സ് അവതരിപ്പിക്കന്നതിനുള്ള പ്രത്യേക അനുമതി സീറോ മലബാര്‍ പള്ളിക്കു ലഭിച്ചിട്ടുണ്ട്. ഇടവകാംഗമായ ബേബി തടവനാലിന്റെ കോറിയോഗ്രഫിയില്‍ ഫിലാഡല്‍ഫിയായിലെ വിവിധ ഇന്ത്യന്‍ ക്രൈസ്തവ ദേവാലയങ്ങളില്‍നിന്മള്ള 80 ല്‍ പരം കലാകാരന്മാരും കലാകാരികളും നൃത്താധ്യാപകന്‍ ബേബിക്കൊപ്പം പാര്‍ക്ക്വേയിലെ ലോഗന്‍ സ്ക്വയര്‍ സ്റേജില്‍ ശനിയാഴച ഉച്ചകഴിഞ്ഞു 3:47നു നൃത്ത പരിപാടി അവതരിപ്പിക്കും. കൊച്ചുകുട്ടികള്‍ മുതല്‍ ഉദ്യോഗസ്ഥരായ വീട്ടമ്മമാര്‍വരെ പങ്കെടുക്കുന്ന ഈ മെഗാ ഡാന്‍സ് ഷോ ഗ്ളോബല്‍ സ്റേജില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ എല്ലാവരും സംതൃപ്തരാണ്.

സെപ്റ്റംബര്‍ 26, 27 തീയതികളില്‍ രാവിലെ ആറു മുതല്‍ രാത്രി 11 വരെ ഫ്രാന്‍സിസ് ഫെസ്റിവല്‍ ദിവസങ്ങളായി സിറ്റിയും വേള്‍ഡ് ഫാമിലി മീറ്റിംഗും പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകപ്രശസ്തരായ പല സെലിബ്രിറ്റികളും തങ്ങളുടെ കലാപ്രകടനങ്ങള്‍ പാര്‍ക്ക്വേയിലുടനീളം ഈ ദിവസങ്ങളില്‍ പല സ്റേജുകളിലായി പൊതുജനങ്ങള്‍ക്കായി കാഴ്ചവയ്ക്കും. മാര്‍പാപ്പയുടെ എല്ലാ പരിപാടികളും ഫെസ്റിവല്‍ ഗ്രൌണ്ടിലുള്ള എല്ലാവര്‍ക്കും കാണത്തക്ക രീതിയില്‍ 40 ല്‍ അധികം ബിഗ് സ്ക്രീന്‍ ടിവികള്‍ ഫെസ്റിവല്‍ ഗ്രൌണ്ടിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ക്കു മാര്‍പാപ്പയുടെ സാമീപ്യം തൊട്ടടുത്തുതന്നെ എപ്പോഴും ലഭിക്കം.

സെപ്റ്റംബര്‍ 26നു നടക്കുന്ന ഫാമിലി ഫെസ്റിവലും, 27നു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികനായും 1500 ല്‍ പരം വൈദികശ്രേഷ്ഠരും വൈദികരും സഹകാര്‍മികരായും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും ക്രമീകരിച്ചിരിക്കുന്നത് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്ക്വേയില്‍ ആര്‍ട്ട് മ്യൂസിയത്തിനു മുമ്പിലുള്ള ഈക്കിന്‍സ് ഓവലിലാണ്. രണ്ടു പരിപാടികളും പൊതുജനങ്ങള്‍ക്ക് തികച്ചും സൌജന്യമാണ്. സ്റേജിനടുത്തെത്തി പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ മാത്രമേ ടിക്കറ്റുകള്‍ ആവശ്യമുള്ളൂ.

പരിശുദ്ധ പിതാവിനെ പാര്‍ക്ക്വേയില്‍ തിങ്ങിക്കൂടുന്ന എല്ലാവര്‍ക്കും തൊട്ടടുത്ത് കാണത്തക്കവിധം രണ്ടു ദിവസങ്ങളിലും പേപ്പല്‍പരേഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഫാമിലി ഫെസ്റിവല്‍ നടക്കുന്ന ശനിയാഴ്ചയും പേപ്പല്‍ മാസ് നടക്കുന്ന ഞായറാഴ്ചയും ഫ്രാന്‍സിസ് മാര്‍പാപ്പ പാപ്പാമൊബീലില്‍ പാര്‍ക്ക് വേയില്‍ തിങ്ങിക്കൂടുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യും. ഇപ്പോഴത്തെ വിവരമനുസരിച്ച്, ശനിയാഴ്ച്ച ഫാമിലി ഫെസ്റിവല്‍ ആരംഭിക്കുന്നതിനുമുമ്പ് പാര്‍ക്ക്വേയിലെ ഈക്കിന്‍സ് ഓവലില്‍ തുടങ്ങി സിറ്റി ഹാളിനെ വലംവയ്ക്കുന്ന രീതിയിലാണ് പേപ്പല്‍ പരേഡ് ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച ദിവ്യബലിക്കുമുമ്പ് പരിശുദ്ധ പിതാവ് ജനസഹസ്രങ്ങളെ അഭിവാദ്യം ചെയ്യും. ഈ ക്രമീകരണത്തിലൂടെ പാര്‍ക്ക്വേയിലുള്ള എല്ലാവര്‍ക്കും പോപ് ഫ്രാന്‍സിസിനെ തൊട്ടടുത്ത് കാണാന്‍ സാധിക്കും.

ഫെസ്റിവല്‍ ഗ്രൌണ്ടില്‍ പ്രവേശിക്കുന്നതിനും നിര്‍ബാധം നടക്കുന്നതിനും കടകളില്‍ ഭക്ഷണത്തിനായി കയറുന്നതിനും യാതൊരു നിയന്ത്രണവുമുണ്ടാകില്ല. എന്നിരുന്നാലും യുഎസ് സീക്രട്ട് സര്‍വീസസിന്റെ സെക്യൂരിറ്റി ചെക്ക് പോയിന്റുകള്‍ ഇല്ല എന്ന് അര്‍ഥമാക്കുന്നില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേദിക്ക് തൊട്ടടുത്ത് എത്തണമെങ്കില്‍ സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ക്കൂടി മാത്രമേ സാധിക്കൂ.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍