ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സിനു പിന്തുണയുമായി ബിഗ് ആപ്പിള്‍ സ്പോണ്‍സര്‍ഷിപ്പുകള്‍
Saturday, September 26, 2015 8:42 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ് ഷിക്കാഗോ കോണ്‍ഫറന്‍സിനു നിറഞ്ഞ പിന്തുണയുമായി ന്യൂയോര്‍ക്ക് വീണ്ടും. അമേരിക്കയിലെ മലയാള മാധ്യമ മുന്നേറ്റത്തിന്റെ നിലപാടു തറയായ ഇന്ത്യ പ്രസ്ക്ളബിന്റെ തുടക്കം ന്യൂയോര്‍ക്കില്‍ നിന്നാണെന്ന ചരിത്ര സത്യത്തെ വീണ്ടും ഓര്‍മിക്കുന്നതായി തുടര്‍ച്ചയായി വന്നെത്തുന്ന ബിഗ്ആപ്പിള്‍ സ്പോണ്‍സര്‍ഷിപ്പുകള്‍.

അമേരിക്കയിലെത്തി അധികം നാളായില്ലെങ്കിലും ഇതിനകംതന്നെ ബിസിനസില്‍ വിജയം വരിച്ച സഞ്ജു കളത്തില്‍പറമ്പില്‍ തുറന്ന മനസോടെയാണ് ഇന്ത്യ പ്രസ്ക്ളബിനെ സമീപിച്ചത്. ഫോമയുടെ കാരുണ്യപദ്ധതിയായ കാന്‍സര്‍ കെയര്‍ സെന്ററിന് സംഭാവന നല്‍കാനെത്തിയ വേളയിലാണ് ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സിനെക്കുറിച്ചു സഞ്ജു അറിയുന്നതും സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നതും.

കാനം സ്വദേശിയായ സഞ്ജു കളത്തില്‍പറമ്പില്‍ ഐടി പ്രഫഷണലാണെങ്കിലും അമേരിക്കയിലെത്തിയശേഷം ബിസിനസിലേക്കു തിരിയുകയായിരുന്നു. ന്യൂറോഷലില്‍ അയോണ കോളജിനുസമീപമുള്ള ലിക്വര്‍ സ്റോര്‍ ഉടമയാണു സഞ്ജു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

അപൂര്‍വമായ ബയോഡാറ്റയുളള ഡോ. ജേക്കബ് തോമസും ഇന്ത്യ പ്രസ്ക്ളബിന്റെ സ്പോണ്‍സര്‍ഷിപ്പ് ലിസ്റില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിച്ചു എന്ന അപൂര്‍വതയാണു ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജണല്‍ വൈസ് പ്രസിഡന്റായ ഡോ. ജേക്കബ് തോമസിനുളളത്. അമേരിക്കയിലെത്തും മുമ്പ് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ആറുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. യുഎസ് നേവിയിലായിരുന്നു കുടിയേറ്റത്തിനു ശേഷമുളള ആദ്യ ജോലി.

ഷിക്കാഗോയിലും സാന്‍ഡിയാഗോയിലും പരിശീലനം പൂര്‍ത്തിയാക്കിയശേഷം മെഡിറ്റേറിയനില്‍ ആംമ്നിഷന്‍ ഷിപ്പിലും പസഫിക് കടലില്‍ എയര്‍ക്രാഫ്റ്റ് കരിയര്‍ ജോണ്‍ എഫ്. കെന്നഡിയിലും പ്രവര്‍ത്തിച്ചു. സ്റാഫോര്‍ഡ് യൂണിവേഴ്സിറ്റില്‍നിന്നു ബിരുദമെടുത്ത ഡോ. ജേക്കബ് തോമസ് തുടര്‍ന്ന് ന്യൂയോര്‍ക്ക് സബ്വേയില്‍ ഉദ്യോഗസ്ഥനായി. ജോലി ചെയ്തു കൊണ്ടു തന്നെയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയത്. സബ്വേയില്‍നിന്നു സൂപ്പര്‍വൈസറായാണു വിരമിച്ചത്. ഇപ്പോള്‍ ബിസിനസ് രംഗത്താണ്.

എക്കാലവും ഇവിടുത്തെ മാധ്യമങ്ങളുടെ ഒപ്പം നില്‍ക്കുന്ന റവ. യോഹന്നാന്‍ ശ ങ്കരത്തില്‍ സ്പോണ്‍സറായി എത്തിയപ്പോള്‍ എത്രവട്ടം സാമ്പത്തിക സഹായം നല്‍കിയെന്നതില്‍ ഇന്ത്യ പ്രസ്ക്ളബിനും അദ്ദേഹത്തിനും സംശയമായിരുന്നു. ഇന്ത്യ പ്രസ്ക്ളബിന്റെ തുടക്കം മുതല്‍ ഒപ്പം നിന്നിട്ടുളള റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പയും ഭാര്യ എല്‍സി യോഹന്നാനും അമേരിക്കയിലെ മലയാള മാധ്യമങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണ്.