ഓക്ലാന്‍ഡില്‍ നിത്യസഹായ മാതാവിന്റെ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും
Monday, September 28, 2015 8:14 AM IST
ഓക്ലാന്‍ഡ്: ന്യൂസിലാന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ നിത്യസഹായ മാതാവിന്റെ തിരുനാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടത്തുന്നു.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒമ്പതു വരെ എല്ലസ്ലി കാത്തലിക് പളളിയിലാണ് തിരുനാള്‍ ആഘോഷം. വൈകുന്നേരം ഏഴിന് കുര്‍ബാന, തുടര്‍ന്ന് ജപമാല, നൊവേന, ആരാധന എന്നിവ നടക്കും. ഓരോ ദിവസത്തേയും ആഘോഷങ്ങള്‍ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്.

നാലിനു (ഞായര്‍) സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തിലുളള ആഘോഷ പരിപാടികള്‍ വൈകുന്നേരം അഞ്ചിനു ആരംഭിക്കും. സമാപന ദിവസമായ ഒക്ടോബര്‍ ഒമ്പതിനു വൈകുന്നേരം 6.30 ന് പതാക ഉയര്‍ത്തലും കുര്‍ബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും നടക്കും.

11നു (ഞായര്‍) ഉച്ചകഴിഞ്ഞ് എല്ലസ്ലി പളളിയില്‍ ആരംഭിക്കുന്ന തിരുനാളാഘോഷങ്ങള്‍ക്ക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കാഴ്ച വയ്പ് പ്രദക്ഷിണത്തിനുശേഷം നടക്കുന്ന കുര്‍ബാനയില്‍ മിഷന്‍ ചാപ്ളിന്‍ ഫാ. ജോയി തോട്ടങ്കര അസി. ചാപ്ളിന്‍, ഫാ. ജോബിന്‍ വന്യം പറമ്പില്‍, ഫാ. മനോജ് കുന്നത്ത്, ഫാ. സിജോ, ഫാ. അരുണ്‍ ആരോഗ്യം എന്നിവര്‍ സഹകാര്‍മികരായിരിക്കും. കുര്‍ബാന മധ്യേ 19 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യ ലേപനവും ശുശ്രൂഷയും നടക്കും. തുടര്‍ന്നു സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

തിരുനാളിന്റെ നടത്തിപ്പിനായി പാരീഷ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാളിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയി തോട്ടങ്കര, അസി. ചാപ്ളെയിന്‍ ഫാ. ജോബിന്‍ വന്യംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി ചാക്കോ ആനിത്തോട്ടത്തില്‍