ബോബ് വര്‍ഗീസ് ഐഎപിസി അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് മുഖ്യ സ്പോണ്‍സര്‍
Tuesday, September 29, 2015 5:04 AM IST
ന്യൂയോര്‍ക്ക്: ഇന്‍ഡോ-അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) ആഭിമുഖ്യത്തില്‍ 2015 ഒക്ടോബര്‍ 9 മുതല്‍ 12 വരെ ന്യൂയോര്‍ക്കിലെ റോണ്‍കോണ്‍കോമ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന്റെ മെഗാ സ്പോണ്‍സറായി വിന്‍സന്റ് ജ്വല്ലറി ഉടമ ബോബ് വര്‍ഗീസിനെ പ്രഖ്യാപിച്ചു. നാലു പതിറ്റാണ്ടായി അമേരിക്കന്‍ മണ്ണില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുന്ന ബോബ് വര്‍ഗീസ് എന്നും മാധ്യമലോകവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. വാര്‍ത്തകളെയും അത് അറിയിക്കുന്നവരെയും ഏറെ ആദരിക്കുന്ന അദ്ദേഹം ഐഎപിസിയുടെ പ്രവര്‍ത്തന മികവു കണ്ടാണു മാധ്യമസമ്മേളനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പു പ്രഖ്യാപിച്ചുകൊണ്ടു മുന്നോട്ടുവന്നത്.

1981ല്‍ അമേരിക്കയിലെത്തിയ ബോബ് വര്‍ഗീസ് കഠിനാധ്വാനത്തിലൂടെ വിജയം കൊയ്യാമെന്നു തെളിയിച്ച വ്യക്തിയാണ്. ബാങ്ക് ജോലിക്കായാണ് അദ്ദേഹം അമേരിക്കയിലേക്കു കുടിയേറുന്നത്. വെറും ആറു മാസം കൊണ്ടു തന്നെ സൂപ്പര്‍വൈസര്‍ പദവിയിലെത്തിയ അദ്ദേഹം വളരെ വേഗത്തില്‍ത്തന്നെ മാനേജര്‍ പദവിയിലും എത്തി. പിന്നീട് അതേ കമ്പനിയുടെ വൈസ് പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചു.

ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയിലാണു ബോബ് വര്‍ഗീസ് തന്റെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മാധ്യമമേഖലയോടു വളരെയേറെ അടുപ്പമുള്ള ബോബ് വര്‍ഗീസ് ഐഎപിസി മാധ്യമ സമ്മേളനത്തിന്റെ മുഖ്യസ്പോണ്‍സറായതില്‍ വളരെ സന്തോഷമുണ്െടന്നു പ്രസ്ക്ളബ് ഭാരവാഹികള്‍ പറഞ്ഞു.