ഷിക്കാഗോയില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആചരിക്കുന്നു
Tuesday, September 29, 2015 5:04 AM IST
ഷിക്കാഗോ: പ്രഥമ ഭാരതീയ പരിശുദ്ധനും, ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ കാവല്‍ പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ 23, 24, 25 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ബെല്‍വുഡ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഭക്ത്യാദരങ്ങളോടെ ആചരിക്കുന്നു.

ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത, വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് തുടങ്ങിയവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്കും ആരാധനയ്ക്കും നേതൃത്വം വഹിക്കും.

23-നു (വെള്ളിയാഴ്ച) ഏഴിനു സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍, തുടര്‍ന്ന് മെത്രാപ്പോലീത്ത നയിക്കുന്ന പെരുന്നാള്‍ ഒരുക്ക ധ്യാനവും ഉണ്ടായിരിക്കും.

24-നു (ശനിയാഴ്ച) വൈകുന്നേരം ആറിനു എത്തുന്ന ഇടവക മെത്രാപ്പോലീത്തയെയും വിശിഷ്ടാതിഥികളെയും ദേവാലയ കവാടത്തില്‍നിന്നു സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും. പ്രാര്‍ഥനയ്ക്കുശേഷം 6.30-ന് ആഘോഷപൂര്‍വമായ കൊടിയേറ്റ് നടക്കും. ഏഴിനു സന്ധ്യാപ്രാര്‍ത്ഥന, ധൂപപ്രാര്‍ഥന, ആശീര്‍വാദം എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം തിരുമേനി ഉദ്ഘാടനം ചെയ്യും. ഒമ്പതിനു സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിക്കും.

25-നു രാവിലെ ദേവാലയത്തിലെത്തുന്ന തിരുമേനിയെയും, വൈദികരെയും ശുശ്രൂഷകസംഘം ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്നു 8.30-ന് പ്രഭാതനമസ്കാരവും, 9.30-നു വിശുദ്ധ കുര്‍ബാന, 11.30നു കൊടി, മുത്തുക്കുടകള്‍, കുരിശ്, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന റാസയില്‍ പ്രാര്‍ഥനയിലും, പെരുന്നാളിന്റെ സ്തുതിഗീതങ്ങള്‍ ആലപിച്ചും വിശ്വാസികള്‍ പങ്കെടുക്കും. വാഴ്വിനും കൈമുത്തിനും ശേഷം വിഭവമസൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഭക്തജനങ്ങള്‍ ആരാധനയിലും, പരിശുദ്ധ പരുമല തിരുമേനിയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലും വിശുദ്ധിയോടും നോമ്പാചരണത്തോടും പ്രാര്‍ഥനപൂര്‍വമായും വന്ന് അനുഗ്രഹം പ്രാപിക്കണമെന്നു വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് താത്പര്യപ്പെടുന്നു. പെരുന്നാളിന്റെ വിപുലമായ നടത്തിപ്പിനായി ട്രസ്റി മാത്യു ഫിലിപ്പ്, സെക്രട്ടറി ഏലിയാമ്മ പുന്നൂസ്, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഗ്രിഗറി ഡാനിയേല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം