ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സ്: ഫൊക്കാന സ്പോണ്‍സര്‍
Tuesday, September 29, 2015 6:52 AM IST
ന്യൂയോര്‍ക്ക്: പാരമ്പര്യത്തിന്റെ കരുത്തുളള ഫൊക്കാന കാലത്തിന്റെ ചുവരെഴുത്ത് വായിച്ചവര്‍ക്ക് തുണയായപ്പോള്‍ അത് മഹാസംഘടനക്ക് ഇന്ത്യ പ്രസ്ക്ളബിനോടുളള കരുതലായി മാറി.

അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാന ഷിക്കാഗോയില്‍ അരങ്ങേറുന്ന ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സിന്റെ സ്പോണ്‍സറായിക്കൊണ്ടുളള സംഭാവന ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ കൈമാറി. ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്ററന്റില്‍ ഫൊക്കാന നടത്തിയ പത്രസമ്മേളനത്തിലായിരുന്നു സ്പൊണ്‍സര്‍ഷിപ്പ് സമര്‍പ്പണം. ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഫൊക്കാനയുടെ മുന്‍ പ്രസിഡന്റും ഇന്ത്യ പ്രസ്ക്ളബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ട്രഷററുമായ ജെ. മാത്യൂസിനാണു സ്പോണ്‍ സര്‍ഷിപ്പ് ചെക്ക് കൈമാറിയത്.

പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് കോണ്‍ഫറന്‍സിനു ഫൊക്കാനയില്‍ നിന്നും കഴിയുന്നത്ര പേര്‍ പങ്കെടുക്കുമെന്ന് ജോണ്‍ പി. ജോണ്‍ പറഞ്ഞു. മാധ്യമങ്ങളുടെ സ്നേഹവും പിന്തുണയും അനുഭവിച്ചറിയുകയും അതിലൂടെ വളരുകയും ചെയ്ത മഹാസംഘടനയാണുഫൊക്കാന. അതുകൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തിനു പിന്തുണ നല്‍കേണ്ട് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പളളില്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, വനിതാ ഫോറം ചെയര്‍ ലീല മാരേട്ട്, ട്രഷറര്‍ ജോയി ഇട്ടന്‍, പിആര്‍ഒ ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് എന്നിവരും അഭിപ്രായപ്പെട്ടു.

ഫൊക്കാന സ്പോണ്‍സറായതോടെ അമേരിക്കന്‍ മലയാളി സമൂഹത്തിലെ മൂന്നു ദേശീയ സംഘടനകള്‍ ഇന്ത്യ പ്രസ്ക്ളബ് കോണ്‍ഫറന്‍സ് സ്പോണ്‍സറായി. നേരത്തെ ഫോമയും ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയും (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ്) സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിരുന്നു.

ഇന്ത്യ പ്രസ്ക്ളബിനെ പിന്തുണയ്ക്കാനുളള ഫൊക്കാനയുടെ തീരുമാനത്തെ പ്രസ്ക്ളബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു അഭിനന്ദിച്ചു. മാധ്യമങ്ങളുമായുളള സഹകരണം ഏതൊരു സംഘടനയുടെയും വളര്‍ച്ചക്ക് നിദാനമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാധ്യമങ്ങള്‍ക്കു സംഘടനകളോടുളള കടപ്പാടും അനുസ്മരിച്ചു. സംഘടനകളും അതിലെ അംഗങ്ങളും നല്‍കുന്ന പിന്തുണയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലനില്‍പ്പിനു അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഡയാലിസിസ് എക്വിപ്മെന്റ് സര്‍വീസസ് സാരഥിയും പ്രവാസി മലയാളി ഗ്ളോബല്‍ ഫൌണ്േടഷന്‍ ചെയര്‍മാനും ഫൊക്കാനയുടെ നേതാവുമായ ഡോ. ജോസ് കാനാട്ടിന്റെ സ്പോണ്‍സര്‍ഷിപ്പും ഇതിനൊപ്പം കൈമാറി. ഡോ. ജോസ് കാനാട്ടിന്റെ പത്നിയും ഫൊക്കാന വനിതാഫോറം ന്യൂയോര്‍ക്ക് റീജണല്‍ ജോയിന്റ് സെക്രട്ടറിയുമായ ജെസി കാനാട്ടാണ് സ്പോണ്‍സര്‍ഷിപ്പ് ചെക്ക് ജെ. മാത്യൂസിനു കൈമാറിയത്.

ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമത് ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ധം ഹോട്ടലിലാണ് അരങ്ങേറുക. കേരള മീഡിയ അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.ജി സുരേഷ്കുമാര്‍, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ്കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്, എന്നിവരാണു കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം