നെഹ്റു ട്രോഫി വള്ളംകളി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Tuesday, September 29, 2015 8:39 AM IST
സൌത്ത് ഫ്ളോറിഡ: കേരള സമാജം ഓഫ് സൌത്ത് ഫ്ളോറിഡ സംഘടിപ്പിക്കുന്ന പത്താമത് കോണ്‍ഫിഡന്റ് ഗ്രൂപ്പ് നെഹ്റുട്രോഫി വള്ളംകളി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി അറിയിച്ചു. ഒക്ടോബര്‍ മൂന്നിനു (ശനി) രാവിലെ 10നു ഹോളിവുഡിലെ ടി.വൈ. പാര്‍ക്കിലാണ് ജലമാമാങ്കം അരങ്ങേറുന്നത്.

വള്ളംകളി പാട്ടിന്റേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ സംഘാടകസമിതിയും കാണികളും ഒമ്പതു ടീമുകളും പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റോടെയാണ് ജലോത്സവത്തിനു തുടക്കംകുറിക്കുക.

2500 ഡോളര്‍ സമ്മാന തുകയും ട്രോഫിയും നേടാന്‍ ഒമ്പതു ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഭാരത് ബോട്ട് ക്ളബ് ന്യൂയോര്‍ക്ക്, കോറല്‍സ്പ്രിംഗ് ചുണ്ടന്‍, ഡ്രം ലവേഴ്സ്, ഡ്രം ലവേഴ്സ് യൂത്ത്, കേരള ഡ്രാഗന്‍സ്, ക്നാനായ ചുണ്ടന്‍, മാറ്റ് ടാമ്പാ, മയാമി ചുണ്ടന്‍, ടാമ്പാ ചുണ്ടന്‍ തുടങ്ങിയ ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍.

നെഹ്റുട്രോഫി വള്ളംകളി വന്‍ വിജയമാക്കുവാന്‍ ആര്‍പ്പുവിളികളും ആവേശവുമായി ആയിരത്തിലേറെ കാണികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. കാണികള്‍ക്ക് സൌജന്യമായി ബാര്‍ബി ക്യൂവും തയാറാക്കുന്നുണ്ട്. കൂടാതെ നാടന്‍ ഭക്ഷണങ്ങളുടെ വില്പനശാലകളും ഒരുക്കുന്നുണ്ട ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുഖ്യ സ്പോണ്‍സറാകുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഇവന്റ് സ്പോണ്‍സര്‍ കേരള ബോട്ട് ആന്‍ഡ് ആര്‍ട്സ് ക്ളബാണ്.

വള്ളംകളിയോടൊപ്പം 10 ടീമുകള്‍ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരവും നടക്കും. ആയിരം ഡോളര്‍ സമ്മാനതുകയുള്ള വടംവലിയുടെ മുഖ്യ സ്പോണ്‍സര്‍ ജോര്‍ജ് ജോസഫ്, മെറ്റ്ലൈഫ് ആണ്. കേരള സമാജം വാര്‍ഷിക പിക്നിക്കിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

പ്രോഗ്രാമിന്റെ മീഡിയ പാര്‍ട്ട്ണേഴ്സായ ഏഷ്യാനെറ്റ് യുഎസ്എ അമേരിക്കന്‍ കാഴ്ചകളിലൂടെ വള്ളംകളി ടെലികാസ്റ് ചെയ്യും. മലയാളം എഫ്എം റേഡിയോ വഴി തത്സമയ കമന്ററിയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം