മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനും ദയാബായിക്കും ബോബി ചെമ്മണ്ണൂരിനും ഐഎപിസി പുരസ്കാരങ്ങള്‍ നല്‍കും
Wednesday, September 30, 2015 5:10 AM IST
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ (ഐഎപിസി) അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബര്‍ ഒമ്പതു മുതല്‍ 12 വരെ ന്യൂയോര്‍ക്കില്‍ നടക്കുമെന്നു ഐഎപിസി പുറത്തിറക്കുന്ന സ്പെഷല്‍ സുവനീറിന്റെ ചീഫ് എഡിറ്ററും നാഷണല്‍ കമ്മിറ്റി അംഗവുമായ തോമസ് മാത്യു ജോയിസും ലെയ്സണ്‍ സെക്രട്ടറി ലാലു ജോസഫും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒപ്പം ഐഎപിസിയുടെ ഈ വര്‍ഷത്തെ അവാര്‍ഡുകളും പ്രഖ്യാപിച്ചു. മിനിസ്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡിനു സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും സത്കര്‍മ അവാര്‍ഡിന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ദയാബായിയും സദ്ഭാവന അവാര്‍ഡിനു ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരും അര്‍ഹരായി.

കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തിന്റെ അടിസ്ഥാന സൌകര്യവികസന മേഖലയില്‍ നടപ്പാക്കിയ ആധുനികവല്‍ക്കരണത്തെ മുന്‍നിര്‍ത്തിയാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ മിനിസ്റര്‍ ഓഫ് എക്സലന്‍സ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ബരുള്‍ ഗ്രാമത്തിലെ ആദിവാസി മേഖലയില്‍ സാധാരണ ജീവിതം നയിക്കുന്ന മേഴ്സി മാത്യു എന്ന ദയാ ബായ് ലോകശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹിക പ്രവര്‍ത്തകയാണ്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും മാനവികതയെയും സ്വന്തം ജീവിതത്തിലൂടെ ലോകത്തിനു മുന്നിലേക്ക് എത്തിച്ച ദയാബായിക്ക് സത്കര്‍മ അവാര്‍ഡ് നല്കിയാണ് ആദരിക്കുന്നത് .

ബിസിനസിലെയും സാമൂഹ്യപ്രവര്‍ത്തനത്തിലെയും മികവു കണക്കിലെടുത്താണു ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പ് സിഎംഡി ബോബി ചെമ്മണ്ണൂരിന് സദ്ഭാവന പുരസ്കാരം നല്‍കുന്നത്.

ന്യൂയോര്‍ക്ക് റോണ്‍കോണ്‍കോമയിലെ ക്ളാരിയോണ്‍ ഹോട്ടല്‍ ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന മാധ്യമ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ഷോപ്പുകളും ഉണ്ടായിരിക്കും.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ, ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, മനോരമയുടെ സുജിത് നായര്‍, റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ നികേഷ്കുമാര്‍, ജയ്ഹിന്ദ് ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ ജെ.എസ്. ഇന്ദുകുമാര്‍, മംഗളം അസോസിയേറ്റ് എഡിറ്ററും തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റുമായ ആര്‍. അജിത്ത്കുമാര്‍, ഡോക്യുമെന്ററി നിര്‍മാതാക്കളായ സൈമണ്‍ കുര്യന്‍, ഗീതാഞ്ജലി കുര്യന്‍, ദി സൌത്ത് ഏഷ്യന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

മീഡിയ കോഫ്രറന്‍സിന്റെ ബ്രോഷര്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ ഐഎപിസി നാഷ്ണല്‍ കമ്മിറ്റി അംഗം തോമസ് മാത്യു ജോയിസില്‍നിന്ന് ഏറ്റുവാങ്ങിക്കൊണ്ട് തിരുവനന്തപുരം പ്രസ്ക്ളബ് പ്രസിഡന്റ് ആര്‍. അജിത്കുമാര്‍ പ്രകാശനം ചെയ്തു.