പാപ്പായുടെ മുത്തമേറ്റുവാങ്ങി കുഞ്ഞു ഇവ, ആഹ്ളാദനിറവില്‍ മലയാളി കുടുംബം
Thursday, October 1, 2015 2:42 AM IST
ഫിലാഡല്‍ഫിയ: ഫ്രാന്‍സിസ് പാപ്പായുടെ തലോടലും സ്നേഹചുംബനവും ഏറ്റുവാങ്ങുക. ആയിരങ്ങള്‍ കൊതിക്കുന്ന ആ ഭാഗ്യം തങ്ങളുടെ ഒന്നരവയസുകാരി മകള്‍ക്കു കിട്ടിയതിന്റെ സന്തോഷത്തിലാണ് അമേരിക്കന്‍ മലയാളികളായ വിവേക് ജോസ് മണ്ണനാലും ഭാര്യ ചന്ദന തേരാട്ടിലും. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍പാപ്പ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഫിലാഡല്‍ഫിയയില്‍ വച്ച് ഇവരുടെ മകള്‍ ഇവ വിവേകിനെ പാപ്പാ ലാളിച്ചതും ചുംബനം നല്കിയതും.

മാര്‍പാപ്പയെ ഒരു നോക്കു കാണാന്‍ തിക്കുംതിരക്കും കൂട്ടി ആളുകള്‍ കണ്ണും നട്ടിരിക്കെയായിരുന്നു പാപ്പായുടെ അനുഗ്രഹ വര്‍ഷം. ആള്‍ക്കൂട്ടത്തിനിടയില്‍ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതു കണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഞ്ഞു ഇവയെ പോപ്പിനു സമീപത്തേക്ക് കൊണ്ടുപോകുകയായിരുന്നു. മകള്‍ക്കു അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യം കുടുംബത്തിനു ലഭിച്ച വലിയ അനുഗ്രഹമായാണ് കാണുന്നതെന്ന് വിവേക് പറഞ്ഞു.

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ വിവേക് കഴിഞ്ഞ എട്ടുവര്‍ഷമായി അമേരിക്കയില്‍ സോഫ്റ്റ്വെയര്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. തൃശൂര്‍ സ്വദേശിയായ ചന്ദന അഞ്ചുവര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. ഇന്‍ഷ്വറന്‍സ് മേഖലയിലാണ് ജോലി. ന്യൂയോര്‍ക്കിലാണ് കുടുംബം താമസിക്കുന്നത്. ഇരുവര്‍ക്കും ഏഥന്‍ എന്ന പേരുള്ള മകന്‍ കൂടിയുണ്ട്. കുട്ടികള്‍ ഇരുവരും ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. കോഴിക്കോട് നിര്‍മല ആശുപത്രിയിലെ ഡോക്ടര്‍ ജോസ് കുര്യാക്കോസിന്റെയും റാണി ജോസിന്റെയും പുത്രനാണ് വിവേക്.

ഇവയെ പാപ്പാ ലാളിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സൈബര്‍ലോകത്തു വൈറലാകുകയാണ്. നിരവധി പേര്‍ ഇതിനോടകം ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. പാപ്പായ്ക്കൊപ്പമുള്ള ഇവയുടെ ചിത്രങ്ങള്‍ അമേരിക്കയിലെ ചില പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ലിങ്കുകളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.