ബ്രാംപ്ടന്‍ മലയാളി സമാജം ഓണം ആഘോഷിച്ചു
Thursday, October 1, 2015 5:08 AM IST
ബ്രാംപ്ടന്‍: ബ്രാംപ്ടന്‍ മലയാളി സമാജം ഓണം ആഘോഷിച്ചു. വൈകുന്നേരം അഞ്ചിനു ശേഷം ആരംഭിച്ച കലാപരിപാടികള്‍ക്കു സമാജം സെക്രട്ടറി ഉണ്ണി ഒപ്പത്ത് സ്വാഗതമേകി. തുടര്‍ന്നു മഹാബലി വാമനനു മുന്നില്‍ തന്റെ ശിരസ് വച്ചുകൊടുക്കുന്നതിന്റെ ദൃശ്യാവിഷ്കാരത്തിനുശേഷമാണു ചടങ്ങുകളിലേക്കു കടന്നത്. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി വേദിയിലേക്ക് എഴുന്നള്ളി. തുടര്‍ന്ന് പ്രജകളുമൊരുമിച്ചു കലാപരിപാടികള്‍ ആസ്വദിച്ചശേഷമാണു മാവേലിതമ്പുരാന്‍ യാത്രയായത്.

'മാവേലിക്ക് മടക്കം' എന്ന ദൃശ്യാവിഷ്കാരത്തിനു ചുക്കാന്‍ പിടിച്ചത് ഉണ്ണി ഒപ്പത്ത് ആണ്. സുധീര്‍ നമ്പ്യാര്‍ ആണ് ഇത് അവതരിപ്പിച്ചത്. സിന്ധു ജയപാലിന്റെ നേതൃത്വത്തിലുള്ള തിരുവാതിരയും ഒപ്പനയും ഉള്‍പ്പെടെ വിവിധ നൃത്തനൃത്യങ്ങളും ഗാനാലാപനവുമെല്ലാം ആഘോഷത്തിനു പൊലിമപകര്‍ന്നു. ആരവ് ജോര്‍ജും റിഷോന്‍ കുര്യനും നല്ല മാവേലി മത്സരത്തില്‍ ഒന്നാം സമ്മാനംപങ്കിട്ടു.

പാര്‍ലമെന്റംഗം പരംഗില്‍ എംപി ഭദ്രദീപം തെളിയിച്ചു. പാര്‍ലമെന്റിലേക്കുള്ള ലിബറല്‍ സ്ഥാനാര്‍ഥി കമല്‍ ഖേര, ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ് ഡോ. പി. കെ. കുട്ടി, മിസിസാഗ കേരള അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് കെ. നായര്‍, 'ഓര്‍മ' പ്രസിഡന്റ് ലിജോ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. സമാജം ട്രഷറര്‍ ജോജി ജോര്‍ജ്, വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്,ജോയിന്റ് സെക്രട്ടറി ഫാസില്‍ മുഹമ്മദ്, ജോയിന്റ് ട്രഷറര്‍ സെന്‍ മാത്യു, എന്റര്‍ടെയ്ന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ജയപാല്‍ കൂട്ടത്തില്‍, രൂപാ നാരായണന്‍, ലാല്‍ജി ജോണ്‍, വാസുദേവ്, മത്തായി മാത്തുള്ള, ജിജി ജോണ്‍, അനില്‍ അമ്പാട്ട്, ഗോപകുമാര്‍ നായര്‍, സീമ ശ്രീകുമാര്‍, ബിജോയ് ജോസഫ്, ജോസ് വര്‍ഗീസ്, ശിവകുമാര്‍ സേതു തുടങ്ങിയവരും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

മീനാക്ഷി ഗോപകുമാര്‍, രേഷ്മ നമ്പ്യാര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. സമാജം വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് നന്ദി രേഖപെടുത്തി. തുടര്‍ന്ന് ഓണസദ്യയുമുണ്ടായിരുന്നു. സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനം നന്ദി രേഖപെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം