വേള്‍ഡ് ഫാമിലി മീറ്റിംഗ് സ്റ്റേജില്‍ ശ്രദ്ധേയമായ ഇന്ത്യന്‍ ഡാന്‍സ് ഷോ
Thursday, October 1, 2015 5:10 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ അതിരൂപത ആതിഥ്യമരുളി ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്ത വേള്‍ഡ് ഫാമിലി മീറ്റിംഗിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 26-നു (ശനിയാഴ്ച) വൈകുന്നേരം നടന്ന ഫാമിലി ഫെസ്റിവലില്‍ ബേബി തടവനാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട ഇന്‍ഡ്യന്‍ ഡാന്‍സ് ഷോ കാണികളുടെ അകമഴിഞ്ഞ പ്രശംസക്കര്‍ഹമായി. വേള്‍ഡ് ഫാമിലി മീറ്റിംഗിന്റെ സമാപനത്തോടനുബന്ധിച്ച് ബെന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്ക്വേയിലെ ലോഗന്‍ സര്‍ക്കിള്‍ സ്റ്റേജില്‍ ശനിയാഴ്ച വിവിധ രാജ്യങ്ങളുടെ കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ദൃശ്യാവതരണത്തിലും, സംഗീതസ്വരമാധുരിയിലും, ചടുലമായ നൃത്തച്ചുവടുവയ്പിലും, വര്‍ണവൈവിധ്യമാര്‍ന്ന കോസ്റ്യൂമുകളുടെ ഡിസൈനിലും മികവുപുലര്‍ത്തിയ ഇന്ത്യന്‍ ഡാന്‍സ് ഷോ ആയിരുന്നു.

മാതാ ഡാന്‍സ് അക്കാദമി നൃത്താധ്യാപകന്‍ ബേബി തടവനാല്‍ കോറിയോഗ്രാഫി ചെയ്ത് സെമിക്ളാസിക്കല്‍ ഡാന്‍സും നാടോടിനൃത്തവും കോര്‍ത്തിണക്കി വ്യത്യസ്തമായ ഗാനങ്ങളുടെ അകമ്പടിയോടെ, പലനിറത്തിലും ഡിസൈനിലുമുള്ള കോസ്റ്യൂമുകളുമായി അഞ്ച് സെഗ്മെന്റുകളായി 20 മിനിറ്റ് ദൈര്‍ഘ്യത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ കലാരൂപം ബെന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്ക്വേയില്‍ തിങ്ങിക്കൂടിയിരുന്ന ലക്ഷക്കണക്കിനു കാണികളില്‍ ആവേശമുണര്‍ത്തി.

ഫിലാഡല്‍ഫിയായിലെ വിവിധ ഇന്ത്യന്‍ ക്രൈസ്തവദേവാലയങ്ങളില്‍നിന്നുള്ള എണ്‍പതില്‍ പരം കലാപ്രതിഭകള്‍ അവതരിപ്പിച്ച ഈ അതുല്യ നൃത്തപ്രകടനം ഏതാണ്ട് ഒരു മില്യനോളം ആള്‍ക്കാര്‍ നേരിട്ടും, അതിന്റെ പതിന്മടങ്ങ് വിദൂരസ്ഥലങ്ങളില്‍ ഇരുന്നും ആസ്വദിച്ചു. പാര്‍ക്ക്വേയിലെ ഫെസ്റിവല്‍ ഗ്രൌണ്ടിലുടനീളം സ്ഥാപിച്ചിരുന്ന ജുംബോട്രോണ്‍ ടി.വി. കളിലും, ദേശീയ ടിവി ചാനലുകളിലും ഇതു ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു.

ഫിലാഡല്‍ഫിയാ സീറോ മലബാര്‍ ഫൊറോനാ ദേവാലയം മാസങ്ങള്‍ക്കുമുന്‍പ് വേള്‍ഡ് മീറ്റിംഗ് ഭാരവാഹികളുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന ഡാന്‍സ് വീഡിയോ ദൃശ്യങ്ങള്‍ വിലയിരുത്തിയാണു ഫെസ്റിവല്‍ ഓഫ് ഫാമിലീസില്‍ ലോകനിലവാരത്തിലുള്ള മറ്റു പ്രാദേശികപരിപാടികള്‍ക്കൊപ്പം ഭാരതീയ നൃത്തരൂപങ്ങള്‍ക്കും അവതരണാനുമതി ലഭിച്ചത്. ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ വേള്‍ഡ് ഫാമിലി മീറ്റിംഗ് ഇടവകതല കോ-ഓര്‍ഡിനേറ്റര്‍ ജോസ് തോമസ് അനുമതിക്കായി നിരന്തരം പരിശ്രമിച്ചു.

ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, ജോസ് കുന്നേല്‍, ജോസ് പാലത്തിങ്കല്‍, ജിമ്മി ചാക്കോ, ജെയ്ക്ക് ചാക്കോ, ഡയാന്‍ സിറാജുദീന്‍, മലിസ മാത്യു, ജോസ് മാളേയ്ക്കല്‍, ജോസ് തോമസ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി ഈ പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

തിരുനക്കര ആര്‍.പി. വാര്യരുടെ ശിക്ഷണത്തില്‍ നൃത്തച്ചുവടുകള്‍വച്ചു തുടക്കമിട്ടു ചങ്ങനാശേരി ജയകേരള ഡാന്‍സ് അക്കാഡമിയില്‍ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനില്‍ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ച ബേബി തടവനാല്‍ എന്ന കലാകാരന്‍ അമേരിക്കയില്‍ മാതാ ഡാന്‍സ് അക്കാദമിയിലൂടെ നൂറുകണക്കിനു കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുകയും, അവരോടൊപ്പം വിവിധ സ്റ്റേജുകളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.

വേള്‍ഡ് ഫാമിലി മീറ്റിംഗില്‍ 100 ല്‍ പരം ലോകരാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ലോകപ്രശസ്തരായ പല സെലിബ്രിറ്റികള്‍ക്കുമൊപ്പം മലയാളത്തിന്റെ നിറസാന്നിദ്ധ്യവും ഈ ഗ്ളോബല്‍ സ്റ്റേജില്‍ ഉണ്ടായി എന്നത് മലയാളികള്‍ക്കെല്ലാം അഭിമാനത്തിനു വക നല്‍കുന്ന വസ്തുതയാണ്.

പല ഭാഷകള്‍ സംസാരിക്കുകയും, വിവിധ സംസ്കാരങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ലോകരാഷ്ട്രങ്ങളിലെ വ്യത്യസ്തമായ കുടുംബജീവിതത്തെ ചിത്രീകരിച്ചുകൊണ്ടുള്ള ബഹുവിധ കലാസാംസ്കാരിക പരിപാടികളാണു ഫെസ്റിവല്‍ ഓഫ് ഫാമിലീസ് എന്നപേരില്‍ സെപ്റ്റംബര്‍ 26-നു (ശനിയാഴ്ച) പരിശുദ്ധ പിതാവിന്റെ സാന്നിധ്യത്തില്‍ നടന്നത്. പ്രാദേശിക ചര്‍ച്ചുകളിലെ യുവജനഗ്രൂപ്പുകള്‍ക്കു മുന്‍ഗണന നല്‍കുന്ന ഫെസ്റിവല്‍ ഓഫ് ഫാമിലീസിന്റെ ലക്ഷ്യം ഓരോ രാജ്യക്കാരുടെയും, ക്രൈസ്തവ പൈതൃകവും, പാരമ്പര്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും വിവിധ കലാരൂപങ്ങളിലൂടെ മറ്റുള്ളവര്‍ക്കു മനസിലാകത്തക്ക രീതിയില്‍ അവതരിപ്പിക്കുക എന്നുള്ളതാണ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍