കാനഡയിലെ ക്നാനായ മിഷനു ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മാര്‍ ജോസഫ് പണ്ടാരശേരിയും മാര്‍ ജോസ് കല്ലുവേലിയും
Thursday, October 1, 2015 7:57 AM IST
ടൊറേന്റോ: മുത്തിയമ്മയുടെ നാമധേയത്തിലുള്ള കാനഡയിലെ ടൊറേന്റോ സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ പ്രധാന തിരുനാളിനോടനുബന്ധിച്ച് പരിശുദ്ധ കന്യകാമറിയത്തിനു സ്തുതിഗീതികള്‍ (ലദിഞ്ഞു) ആലപിച്ചു കൊണ്ട് കാനഡയുടെ സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക് മാര്‍ ജോസ് കല്ലുവേലില്‍ തന്റെ അജപാലന ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു.

തിരുനാള്‍ വേദിയായ എറ്റോപികോക്കിലെ ട്രാന്‍സിഫിഗരേഷന്‍ ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പിതാക്കന്മാരെ കൈക്കരന്മാരായ ജോണ്‍ കുരുവിള അരയത്ത്, ജോബി ജോസഫ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ സ്വീകരിക്കുകയും മിഷ്യന്‍ ചാപ്ളയിന്‍ ഫാ. ജോര്‍ജ് പാറയില്‍ കത്തിച്ച മെഴുകുതിരി നല്‍കി അള്‍ത്താരയിലേക്ക് ആനയിക്കുകയും ചെയ്തു.

കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുഖ്യ കര്‍മകത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍ മാര്‍ ജോസ് കല്ലുവേലില്‍ തിരുനാള്‍ സന്ദേശം നല്‍കി. പരിശുദ്ധ കന്യമറിയം തന്നിലെ ദൈവനിയോഗം തിരിച്ചറിഞ്ഞു രക്ഷകനെ ലോകത്തിനു നല്‍കിയതുപോലെ ഓരോ വിശ്വാസിയും തന്നിലെ ദൈവ നിയോഗം തിരിച്ചറിഞ്ഞു തങ്ങള്‍ ആയിരിക്കുന്ന ദേശത്തു ക്രിസ്തുവിനെ നല്‍കുവാന്‍ വിളിക്കപ്പെട്ടവരാണെന്നു വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

കുര്‍ബാനമധ്യേ ഷീന ബിജു കിഴക്കേപുറത്ത്, ദീപു ഫിലിപ്പ് മലയില്‍, റെജീന ജോര്‍ജ് കളപുരയ്ക്കല്‍, ലിന്‍സ് മാത്യു മരങ്ങാട്ടില്‍ എന്നീ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കു കത്തിച്ച മെഴുകുതിരി നല്‍കി യഥാക്രമം മിഷ്യന്‍ ലീഗ്, യൂത്ത് മിനിസ്ററി, ലീജിയന്‍ ഓഫ് മേരി, വിന്‍സെന്റി പോള്‍ സൊസൈറ്റി എന്നീ ഭക്ത സംഘടനകളുടെ ഔപചാരിക ഉദ്ഘാടനം മാര്‍ പണ്ടാരശേരിയും മാര്‍ കല്ലുവേലിലും സംയുക്തമായി നിര്‍വഹിച്ചു. തുടര്‍ന്നു മുത്തിയമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളുമായി ദേവാലയത്തിനു ചുറ്റും നടന്ന പ്രദക്ഷിണം ക്നാനായ മക്കള്‍ കാനഡയുടെ മണ്ണില്‍ വിശ്വാസ പ്രഘോഷണം നടത്തി.

അനുമോധനയോഗത്തിലേക്കു കടന്നുവന്ന മാര്‍ പണ്ടാരശേരിക്കും മാര്‍ കല്ലുവേലിനും ക്നാനായക്കാരുടെ തനതായ ആചാരപ്രകാരം നടവിളിച്ചും പുരാതന പാട്ടുകള്‍ പാടിയും വിശ്വാസിസമൂഹം സ്വീകരിച്ചു. ക്നാനായ തനിമ നിലനിര്‍ത്തി സീറോ മലബാര്‍ സഭാ കൂട്ടായ്മയില്‍ അതിര്‍ വരമ്പുകള്‍ ഇല്ലാതെ കാനഡയിലെ ക്നാനായസമൂഹം വളരണം എന്നുള്ള തന്റെ ആഗ്രഹം മാര്‍ കല്ലുവേലില്‍ സമ്മേളനത്തിനിടെ പ്രകടിപ്പിച്ചപ്പോള്‍ ക്നാനായ വിശ്വാസികള്‍ ഹര്‍ഷാരവാത്തോടെയാണു സ്വീകരിച്ചത്.

ക്നാനായ മെത്രാന്‍ എന്ന നിലയില്‍ ആഗോള ക്നാനായ മക്കളുടെ ആത്മീയ വളര്‍ച്ചക്കുവേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുക എന്ന തന്നില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണു കാനഡ സന്ദര്‍ശനത്തെയും ക്നാനായ മക്കളുടെ സ്വീകരണത്തെ കാണുന്നതെന്നുള്ള മാര്‍ പണ്ടാരശേരിയുടെ പ്രസ്താവന വിശ്വാസികളില്‍ സമുദായ സ്നേഹം അരക്കിട്ട് ഉറപ്പിക്കാന്‍ സഹായകമായി.

കാനഡയിലെ മെത്രാഭിഷേകവും തിരുനാള്‍ ആഘോഷവും ഇവിടുത്തെ ക്നാനായ സമൂഹത്തിന്റെ വിശ്വാസ വളര്‍ച്ചക്കു സഹായിക്കട്ടെ എന്നു മാര്‍ പണ്ടാരശേരി ആശംസിച്ചു. ഫാ. ഷിബില്‍ പരിയാടത്തുപടവില്‍, ജോസഫ് പതിയില്‍, ലിന്‍സ് മരങ്ങാട്ടില്‍ എന്നിവരും പ്രസംഗിച്ചു. മിഷന്‍ മധ്യസ്ഥയായ മുത്തിയമ്മയുടെ ചിത്രം എല്ലാ ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്നതിനുവേണ്ടി മാര്‍ പണ്ടാരശേരി ആശിര്‍വദിച്ചു വിതരണം ചെയ്തു. ലിനസ് പുത്തന്‍കണ്ടത്തില്‍ സംഭാവന ചെയ്ത ഏലക്കാമാല ജേക്കബ് മണ്ണാട്ടുപറമ്പില്‍ ലേലവിളിയിലൂടെ കരസ്ഥമാക്കി. പതിനഞ്ചോളം കുടുംബങ്ങള്‍ ഏറ്റെടുത്തു നടത്തിയ തിരുനാള്‍ ആഘോഷങ്ങള്‍ സ്നേഹവിരുന്നോടെ അവസാനിച്ചു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്