ഒറിഗണ്‍ കമ്മ്യൂണിറ്റി കോളജില്‍ വെടിവയ്പ് : പത്തു പേര്‍ മരിച്ചു
Friday, October 2, 2015 4:58 AM IST
ഒറിഗണ്‍: ഒറിഗണ്‍ കമ്യൂണിറ്റി കോളജില്‍ നടന്ന വെടിവയ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. ക്രിസ് ഹാര്‍പര്‍ മേഴ്സര്‍ എന്ന യുവാവാണു വെടിയുതിര്‍ത്തതു എന്നാണ്ു നിഗമനം. ഇയാള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നു കൊല്ലപ്പെട്ടതായി ഒറിഗണ്‍ ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോംഗ് ഗണ്‍, ഹാന്‍ഡ് ഗണ്‍ ഉള്‍പ്പെടെ മൂന്നു തോക്കുകളാണു വെടിയുതിര്‍ക്കുവാന്‍ യുവാവ് ഉപയോഗിച്ചത്. വെടിവയ്പില്‍ പരിക്കേറ്റ ഏഴു പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍നിന്നു രക്ഷപ്പെട്ട വിദ്യാര്‍ഥിയുടെ മൊഴിയില്‍, ക്രിസ് ഹാര്‍പര്‍ വെടിവെക്കുന്നതിനു മുമ്പ് ഏതു മതത്തിലുളളവരാണെന്നു ചോദിച്ചതായി പറയുന്നു.

വെടിവയ്പിനെ തുടര്‍ന്നു പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ അനുശോചനപ്രസംഗത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍