തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം നടത്തി
Saturday, October 3, 2015 3:06 AM IST
ഷിക്കാഗോ: മൂന്നു പതിറ്റാണ്ടിലേറെയായി ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഡെമോക്രാറ്റിക് പ്രൈമറി സ്ഥാനാര്‍ത്ഥികളായ സ്റേറ്റ് സെനറ്റര്‍ ഡാനിയല്‍ ബിസ്സ്, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കായി ഫണ്ട് റൈസിംഗ് ഇവന്റ് നടത്തപ്പെട്ടു. സെപ്റ്റംബര്‍ 27-നു ഞായറാഴ്ച ഡസ്പ്ളെയിന്‍സിലുള്ള ഐ.എ.ഡി.ഒ വൈസ് പ്രസിഡന്റ് ടോം കാലായിലിന്റെ വസതിയില്‍ നടത്തപ്പെട്ട ചടങ്ങില്‍, സംഘടനയുടെ ഭാരവാഹികളും, അനുഭാവികളുമായ നിരവധി പേര്‍ പങ്കെടുത്തു.

ഐഎഡിഒ പ്രസിഡന്റ് റാം വില്ലിവാളം സമ്മേളനത്തിനു സ്വാഗതം ആശംസിക്കുകയും, സ്ഥാനാര്‍ത്ഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. എട്ടാം ഡിസ്ട്രിക്ടിറ്റില്‍ നിന്നുള്ള യു.എസ് പ്രതിനിധിസഭാംഗം ടാമിഡക് ബര്‍ത്ത് യു.എസ് സെനറ്റിലേക്ക് മത്സരിക്കുന്നതിനാല്‍ ഒഴിവുവന്ന സീറ്റിലേക്കാണ് ഇന്‍ഡ്യന്‍ വംശജന്‍കൂടിയായ ഇല്ലിനോയി മുന്‍ ഡപ്യൂട്ടി ട്രഷറര്‍ രാജാ കൃഷ്ണമൂര്‍ത്തി മത്സരിക്കുന്നത്. ഇല്ലിനോയിയിലെ പിയോറിയായില്‍ നിന്നും വാലിഡിക്ടോറിയനായി ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജാ കൃഷ്ണമൂര്‍ത്തി പ്രശസ്തമായ പ്രിന്‍സ് ടൌണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലും, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദവും ഉന്നത നിലയില്‍ നേടിയിട്ടുണ്ട്. അഭിപ്രായ സര്‍വ്വെകളില്‍ മുന്നിലുള്ള അദ്ദേഹത്തിന് ഇല്ലിനോയിയില്‍ നിന്നുമുള്ള ഒട്ടുമിക്ക യുഎസ് പ്രതിനിധി സഭാംഗങ്ങളുടേയും ചില തൊഴിലാളി സംഘടനകളുടേയും പിന്തുണ പൊതു തെരഞ്ഞെടുപ്പിലും വോട്ടവകാശം നേടുന്നതിനുള്ള വോട്ടര്‍ രജിസ്ട്രേഷനു എല്ലാ ഇന്‍ഡ്യന്‍ വംശജരും താത്പര്യം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഒമ്പതാം ഡിസ്ട്രിക്ടില്‍ നിന്നു നിലവിലുള്ള സെനറ്റര്‍ ഡാനിയേല്‍ ബിസ്സ് മത്സരിക്കുന്നത് മുന്‍ സ്റേറ്റ് കണ്‍ട്രോളര്‍ ജൂഡി ബാര്‍ടോപ്പിംഗായുടെ ആകസ്മിക മരണം മൂലമുണ്ടായ ഒഴിവ് നികത്തുവാനുള്ള ഉപതെരഞ്ഞെടുപ്പിലാണ്. കണ്‍ട്രോളറായി ഗവര്‍ണര്‍ നിയമിച്ച ലസ്ലി മംഗറിന്റെ കാലാവധി 2017 ജനുവരിയില്‍ പൂര്‍ത്തിയാകും.

കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോ. അമി ബെറായ്ക്ക് ശേഷം യു.എസ് കോണ്‍ഗ്രസില്‍ എത്തുന്ന രണ്ടാമത്തെ ഇന്‍ഡ്യന്‍ വംശജനാകാനുള്ള തന്റെ ശ്രമത്തിന്, ഇല്ലിനോയിയിലെ എല്ലാ ഇന്‍ഡ്യന്‍ സമൂഹങ്ങളുടേയും മത-സാമൂഹ്യ-സാംസ്കാരിക-തൊഴിലധിഷ്ഠിത സംഘടനകളുടേയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും രാജാ കൃഷ്ണമൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് റാം വില്ലിവാളം, വൈസ് പ്രസിഡന്റ് ടോം കാലായില്‍ എന്നിവര്‍ക്കൊപ്പം ഐ.എ.ഡി.ഒ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷാജന്‍ കുര്യാക്കോസ്, അല്‍ഖല്‍ഫാന്‍, കേട്കി സ്റൈഫാന്‍, വിവേക് യെല്‍ഡംഡി, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ ഫണ്ട് റൈസിംഗിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം