ജര്‍മനി പുനരേകീകരണ വാര്‍ഷികത്തിന്റെ ജ്വരത്തില്‍
Saturday, October 3, 2015 8:40 AM IST
ബര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണത്തിന്റെ വാര്‍ഷികാഘോഷം ജര്‍മനിയില്‍ നടക്കുന്നു. എവിടെയൊക്കെയാണ് പ്രധാന ആഘോഷ പരിപാടികള്‍ എന്നൊരു എത്തിനോട്ടം.

ഫ്രാങ്ക്ഫര്‍ട്ട് അം മയ്ന്‍

ഇവിടെ വെള്ളിയാഴ്ച തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതു ഞായറാഴ്ച വരെ നീളുകയും ചെയ്യും.

ശനിയാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ടിലെ ചരിത്ര പ്രസിദ്ധമായ 'കൈസര്‍ ഡോം' കത്തീഡ്രലില്‍ നടന്ന കൃതജ്ഞതാബലിയോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ജോവാഹിം ഗൌക്ക്, മുന്‍ സോവ്യറ്റ് നേതാവ് മിഖായില്‍ ഗോര്‍ബച്ചേവ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ക്ളോദ് ജങ്കര്‍ തുടങ്ങിയ പ്രമുഖരെല്ലാം ഇവിടുത്തെ പരിപാടിയിലാണ് പങ്കെടുത്തത്.

ലോകം അഭിമുഖീകരിക്കുന്ന പ്രത്യേകിച്ച് യൂറോപ്പ് അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മനി ആവുന്നതെല്ലാം ചെയ്യുമെന്ന് ചാന്‍സലര്‍ മെര്‍ക്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ജര്‍മനിയുടെ പുനരേകീകരണം നടന്നിട്ട് കാല്‍നൂറ്റാണ്ടു തികഞ്ഞിട്ടും അഭ്യര്‍ഥനയുമായി എത്തുന്നവരെ ജര്‍മനി ഒരിക്കലും കൈവിടില്ലെന്നും ഫ്രാങ്ക്ഫര്‍ട്ടില്‍ അവര്‍ പറഞ്ഞു.

രണ്ടു ലക്ഷം ജനങ്ങളാണ് സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങളില്‍ നിന്നും ജര്‍മനിയിലേയ്ക്ക് അഭയാര്‍ഥികളായി കഴിഞ്ഞ മാസം എത്തിയത്. ഇത് പോയ ഒരു വര്‍ഷത്തേ അപേക്ഷിച്ച് ഏറ്റവും വലിയ സംഖ്യയാണ്.

1990 മുതല്‍ പിന്തുടരുന്ന ഒരു പാരമ്പര്യം അനുസരിച്ചാണ് മുഖ്യ ആഘോഷവേദിയാകാന്‍ ഫ്രാങ്ക്ഫര്‍ട്ടിന് അവസരം കിട്ടിയത്. പ്രധാന ദേശീയ ആഘോഷങ്ങളെല്ലാം അതതു സമയത്ത് പാര്‍ലമെന്റിന്റെ ഉപരി സഭയുടെ അധ്യക്ഷനായിരിക്കുന്ന ആളുടെ സ്റേറ്റില്‍ നടത്തണം എന്നതാണ് ഈ പാരമ്പര്യം. ഇപ്പോഴത്തെ പ്രസിഡന്റ് വോക്കര്‍ ബൌഫിയറുടെ സ്റേറ്റായ ഹെസെയുടെ തലസ്ഥാനം എന്ന നിലയിലാണ് ഫ്രാങ്ക്ഫര്‍ട്ടിന് അവസരം കിട്ടിയത്.

രാജ്യതലസ്ഥാനമായ ബര്‍ലിനില്‍ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റിലാണ് മുഖ്യ പരിപാടികള്‍. പുനരേകീകരണ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഇടമാണിത്. ഇവിടെയും വെള്ളിയാഴ്ച തുടങ്ങിയ ആഘോഷങ്ങള്‍ ഞായറാഴ്ച വരെ നീളും.

ജര്‍മനിയിലെ പ്രധാന നഗരങ്ങളായ ലൈപ്സിഷില്‍ ശനിയാഴ്ച രാവിലെ പതിനൊന്നു മുതലാണ് പരിപാടികള്‍. ഹാനോവറില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ പതിനൊന്നു മുതല്‍ നടക്കും. ബോണില്‍ ശനിയാഴ്ച രാവിലെ പത്തര മുതല്‍ തുടങ്ങി. ഡ്യൂസല്‍ഡോര്‍ഫില്‍ ശനിയാഴ്ച വൈകിട്ട് നാലു മുതലും ആഘോഷങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍