മരങ്ങളുടെ കണക്കെടുക്കുന്നു
Monday, October 5, 2015 6:57 AM IST
ബംഗളൂരു: നഗരത്തിലെ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് ബംഗളൂരു നഗരസഭ സര്‍വേ നടത്തും. നിലവില്‍ നഗരപരിധിയിലെ മരങ്ങളുടെ എണ്ണവുമായി ബന്ധപ്പെട്ട് നഗരസഭയുടെ പക്കല്‍ കൃത്യമായ കണക്കുകളില്ല. റോഡ് വീതികൂട്ടല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ നിരവധി മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. കൂടാതെ, കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. മൂന്നു മാസത്തിനുള്ളില്‍ മരങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കുമെന്ന് ബിബിഎംപി അധികൃതര്‍ അറിയിച്ചു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍വേ നടപടികളുമായി മുന്നോട്ടുപോകാന്‍ ബിബിഎംപി ഫോറസ്റ്റ് വിഭാഗത്തിന് നഗരവികസന വകുപ്പ് അനുമതി നല്കിയത്.

ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മരംനടീല്‍ പദ്ധതികളെ ചോദ്യംചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ നഗരത്തിലെ മരങ്ങളുടെ കണക്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതേസമയം, ജീവനക്കാരുടെ അഭാവത്തില്‍ ബിബിഎംപി പുറത്തുനിന്നുള്ള എന്‍ജിഒകളെയായിരിക്കും സര്‍വേ ഏല്പിക്കുന്നത്. വിവിധ മേഖലകളില്‍ സര്‍വേ നടത്തുന്നതിന് എന്‍ജിഒകളെ തെരഞ്ഞെടുക്കുന്നതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അസിസ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രംഗനാഥ് സ്വാമി പറഞ്ഞു.