ദസറ ആഘോഷങ്ങള്‍ക്ക് 13നു തുടക്കമാകും
Monday, October 5, 2015 6:57 AM IST
മൈസൂരു: മൈസൂരുവിലെ ദസറ ആഘോഷങ്ങള്‍ക്ക് ഈമാസം 13നു ചാമുണ്ഡി ഹില്‍സില്‍ തുടക്കമാകും. നേരത്തെ 14ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നുവെങ്കിലും ജ്യോതിഷികളുടെ നിര്‍ദേശപ്രകാരം തീയതി മാറ്റുകയായിരുന്നുവെന്ന് ദസറയുടെ ചുമതലയുള്ള മന്ത്രി വി. ശ്രീനിവാസ പ്രസാദ് പറഞ്ഞു. കര്‍ഷക ദസറയായതിനാല്‍ എച്ച്ഡി കോട്ടയിലെ മുതിര്‍ന്ന കര്‍ഷകന്‍ പുട്ടയ്യ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് വിളക്കു തെളിക്കും. കര്‍ഷക ആത്മഹത്യയുടെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് പ്രാമുഖ്യം നല്കിയാണ് ദസറ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷങ്ങളുടെ ഭാഗമായി ജംബോ സവാരി 22നു നടക്കും. 14 മുതല്‍ 25 വരെ കുപ്പണ പാര്‍ക്കില്‍ ദസറ പുഷ്പമേള നടക്കും. പൈതൃകനഗരമായ ഹംപിയിലെ കല്‍മണ്ഡപത്തെ റോസാപ്പൂക്കള്‍ കൊണ്ട് ഒരുക്കുന്ന മാതൃകയായിരിക്കും ഈവര്‍ഷത്തെ പുഷ്പമേളയുടെ പ്രധാന ആകര്‍ഷണം. 12 ദിവസം നീണ്ടുനില്ക്കുന്ന പ്രദര്‍ശനത്തില്‍ 75,000 പുഷ്പങ്ങളും 15,000 സസ്യ ഇനങ്ങളും വില്പനയ്ക്കുണ്ടായിരിക്കും. 14 മുതല്‍ ജനുവരി 11 വരെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ ദസറ എക്സ്പോയും നടക്കും. പ്രദര്‍ശനം കാണാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനുള്ള സൌകര്യവും ഇത്തവണ ഒരുക്കുന്നുണ്ട്.

ദസറ ആഘോഷങ്ങളുടെ കലാസാംസ്കാരിക വിരുന്നില്‍ ഇത്തവണ 18 ഇനം കലാപരിപാടികളാണ് അരങ്ങേറുന്നത്. ഒരു ദിവസം രണ്ടു കലാപരിപാടികള്‍ വീതം അരങ്ങേറും. ഹംഗറിയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍ കലാ ഇനങ്ങളായിരിക്കും പ്രധാന ആകര്‍ഷണം. കൂടാതെ മൈസൂരു പോലീസിന്റെ ബാന്‍ഡ് മേളവും മഹാനവമി, വിജയദശമി ദിനങ്ങളില്‍ നടക്കും.

ദസറയുടെ ഭാഗമായി വൃന്ദാവന്‍ ഗാര്‍ഡനിലെ ദീപാലങ്കാര പ്രദര്‍ശന സമയവും കൂട്ടി. ഒക്ടോബര്‍ 21 മുതല്‍ 27 വരെ വൈകുന്നേരം 6.30 മുതല്‍ രാത്രി 9.30 വരെ ദീപാലങ്കാര പ്രദര്‍ശനമുണ്ടായിരിക്കും. നിലവില്‍ പ്രവൃത്തിദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 7.30 വരെയും അവധി ദിവസങ്ങളില്‍ 6.30 മുതല്‍ 8.30 വരെയുമാണ് ദീപാലങ്കാരവും മ്യൂസിക്കല്‍ ഫൌണ്ടനുകളും പ്രവര്‍ത്തിക്കുന്നത്.

നാലു കോടി രൂപയാണ് ഇത്തവണ ദസറ ആഘോഷങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഇതില്‍ ഒന്നരക്കോടി രൂപ സുരക്ഷാ നടപടികള്‍ക്കും രണ്ടരക്കോടി രൂപ കലാപരിപാടികള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കുമായാണ് വിനിയോഗിക്കുന്നത്. ബാക്കി വരുന്ന തുക പ്രദര്‍ശനങ്ങളുടെ ടിക്കറ്റ് ഇനത്തില്‍ നിന്നുള്ള വിഹിതമായി ലഭിക്കണം.