ഗീതാമാഹാത്മ്യം വിളിച്ചോതി 'ഡോളര്‍ എ ഗീത' പരിപാടിക്കു തുടക്കമായി
Tuesday, October 6, 2015 5:02 AM IST
ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ഹിന്ദു ഭവനങ്ങളിലും ഭഗവദ്ഗീത എന്ന ലക്ഷ്യത്തോടെ ഗീതാ പ്രചാരണപരിപാടിക്ക് ഹാസ്റണിലെ ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ തുടക്കമായി. ഭാഗവത പ്രയോക്താവും ആചാര്യനുമായ വിജയന്‍ പിള്ളയില്‍ നിന്നും കെഎച്ച്എസ് പ്രസിഡന്റ് രാജഗോപലപിള്ള ആദ്യ പ്രതി ഏറ്റുവാങ്ങി. കെഎച്ച്എസ് വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ട്രഷറര്‍ ശങ്കരന്‍ തങ്കപ്പന്‍, കെഎച്ച്എന്‍എ പ്രതിനിധി രഞ്ജിത് നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വരും ആഴ്ചകളില്‍ അമേരിക്കയിലെ മറ്റു പ്രമുഖ നഗരങ്ങളിലും ഗീതാ പ്രചാരണ വര്‍ഷം ആചരിക്കും.

സമ്പൂര്‍ണ മനുഷ്യരാശിയെ നന്മയിലേക്കു നയിക്കുവാനും, അവരെ ഒന്നിപ്പിക്കുവാനും, അതിലൂടെ ലോകത്തിന്റെ മുഴുവന്‍ നന്മയ്ക്കും വേണ്ടിയാണ് ശ്രീമദ് ഭഗവദ് ഗീത സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.വിശ്വ വിഖ്യാത ശാസ്ത്രകാരന്‍മാരും, സാഹിത്യ കുലപതികളും മുതല്‍ രാഷ്ട്രതന്ത്രന്ജരെയും വരെ സ്വാധീനിച്ച ചരിത്രമുള്ള ഈ ഗ്രന്ഥം, അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറയ്ക്ക് അനുഭവ വേദ്യമാകുവാന്‍ വേണ്ടിയുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാന്‍ കെഎച്ച്എന്‍എ മുന്‍കൈ എടുക്കും. ഇതിനായി അമേരിക്കയിലെ വിവിധ ഹൈന്ദവ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അമേരിക്കയിലെ വിവിധ സ്കൂളുകളിലും സര്‍വകലാശാലകളിലും ഇപ്പോള്‍ തന്നെ ഗീത പഠന വിഷയമാണ്. രഞ്ജിത് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം