മരണം തിരഞ്ഞെടുക്കുന്നതിനുളള അവകാശം: ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി
Tuesday, October 6, 2015 5:03 AM IST
കലിഫോര്‍ണിയ: സ്വയം മരണം തിരഞ്ഞെടുക്കുന്നതിനുളള രോഗിയുടെ അവകാശവും അതിനാവശ്യമായ മരുന്നു കുറിച്ചു നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്കുളള അവകാശവും അംഗീകരിക്കുന്ന ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ നിയമമായി. ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍.

നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടു കലിഫോര്‍ണിയ ഡമോക്രാറ്റിക്ക് ഗവര്‍ണ്ണര്‍ ജെറി ബ്രൌണ്‍ 'എന്റ് ഓഫ് ലഫ് ഓപ്ഷന്‍ ആക്ടില്‍ (ഋിറ ീള ഘശളല ീുശീിേ അഇഠ) ഒക്ടോബര്‍ അഞ്ചിനു ഒപ്പുവെച്ചു.

സ്വയം മരണം വരിക്കുന്നതിനു അവകാശം നല്‍കുന്ന അഞ്ചാമത്തെ സംസ്ഥാനമാണു കലിഫോര്‍ണിയ. റോമന്‍ കാത്തലിക്ക് ചര്‍ച്ചും മറ്റു പല മതവിഭാഗങ്ങളും ഈ ബില്‍ നിയമാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍, റോമന്‍ കാത്തലിക്ക് സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന ഗവര്‍ണ്ണര്‍ ബ്രൌണ്‍ ബില്‍ നിയമമാക്കുമോ എന്നത് സജീവചര്‍ച്ചാ വിഷയമായിരുന്നു.

പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നല്‍കി പണം ചിലവാക്കുന്നതിനു പകരം, ആത്മഹത്യ ചെയ്യുന്നതിനാവശ്യമായ മരുന്നു കുറിച്ചു നല്‍കുവാനുള ഡോക്ടര്‍മാരുടെ അവകാശം ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ശക്തമായി പ്രകടിപ്പിക്കപ്പെട്ടിരുന്നു.

ലുക്കീമിയ രോഗത്താല്‍ അസഹനീയ വേദന അനുഭവിച്ചിരുന്ന ബ്രട്ടണി മെനാര്‍ഡ് ജീവിതം അവസാനിപ്പിക്കുന്നതിന് കലിഫോര്‍ണിയായില്‍ നിന്നും ഒറിഗണിലേക്ക് പോകേണ്ടി വന്നതും അവിടെ നിയമാനുസൃതം മരണം വരിച്ചതുമാണ് ഇങ്ങനെ ഒരു നിയമം കലിഫോര്‍ണിയായില്‍ കൊണ്ടുവരുന്നതിനും പാസ്സാക്കുന്നതിനും നിയമസഭാ സാമാജികരെ പ്രേരിപ്പിച്ചത്. ആറ് മാസത്തില്‍ കൂടുതല്‍ ജീവിക്കുകയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗികള്‍ക്ക് മാത്രമാണ് ഈ അവകാശം അനുവദിക്കപ്പെട്ടിട്ടുളളത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍